കേരള ബാങ്കിന്റെ മികച്ച സമ്മിശ്ര കർഷക അവാർഡ് സജി കടുകൻമാക്കൽ ഏറ്റുവാങ്ങി
1297152
Wednesday, May 24, 2023 11:59 PM IST
കൂരാച്ചുണ്ട്: കാർഷിക മേഖലയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച് പ്രശസ്തനായ കല്ലാനോട്ടെ കർഷകൻ സജി കടുകൻമാക്കൽ 2021-22ലെ സംസ്ഥാനത്തെ മികച്ച സമ്മിശ്ര കർഷകനുള്ള കേരള ബാങ്കിന്റെ അവാർഡ് ഏറ്റുവാങ്ങി.
തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവനിൽ നിന്നുമാണ് അവാർഡ് ഏറ്റുവാങ്ങിയത്. കൃഷിയിലെ തന്റെ മികച്ച സംഭാവനകൾക്ക് സർക്കാരിന്റെ കർകോത്തമ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ കർഷകൻ സജിയ്ക്ക് ലഭിച്ചിട്ടുണ്ട്.
ജാതികൃഷിയിൽ തന്റെ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത പ്രത്യേക ഇനം ജാതി ഏറെ പ്രശസ്തമാണ്. എട്ട് ഏക്കർ വരുന്ന തന്റെ കൃഷിയിടത്തിൽ വിദേശ പഴവർഗങ്ങളുടെ കൃഷിയും വ്യാപകമായി നടത്തിവരുകയും അവയിൽ നിന്നും മികച്ച വരുമാനവും ലഭ്യമാകുന്നുണ്ട്. കർഷക കുടുംബത്തിൽ ജനിച്ച അമ്പത്തെട്ടുകാരനായ സജി വർഷങ്ങളായി നടത്തി വരുന്ന തന്റെ കൃഷിയിൽ കൈത്താങ്ങാകുന്ന ഭാര്യ ഉഷയും അധ്യാപികയായ മകൾ നോവയും സജിയ്ക്ക് ഏറെ കരുത്ത് പകരുന്നുണ്ട്.