കേരള ജനതയെ പിണറായി സര്‍ക്കാര്‍ വിഡ്ഢികളാക്കി: ഡോ. എം.കെ മുനീര്‍
1283316
Saturday, April 1, 2023 11:32 PM IST
കോഴിക്കോട്: അധിക നികുതി ഏര്‍പ്പെടുത്തി കൊണ്ട് കേരളത്തിലെ മുഴുവന്‍ ജനതയേയും പിണറായി സര്‍ക്കാര്‍ വിഡ്ഢികളാക്കിയിരിക്കുകയാണെന്ന് ഡോ. എം.കെ മുനീര്‍ എംഎല്‍എ പറഞ്ഞു. ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരുന്ന വിവിധ നികുതി വര്‍ധനവുകള്‍ സാധാരണക്കാരായ ആളുകളെ കൂടുതല്‍ പ്രയാസത്തിലേക്ക് കൊണ്ടുപോകുമെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം തുടര്‍ന്നുള്ള ദിനങ്ങളില്‍ യുഡിഎഫ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ നികുതി കൊള്ളക്കെതിരേ യുഡിഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കരിദിനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ യുഡിഎഫ് കമ്മിറ്റി കോഴിക്കോട് നഗരത്തില്‍ നടത്തിയ കരിദിന പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കിഡ്സണ്‍ കോര്‍ണറില്‍ നടന്ന സമാപന പ്രതിഷേധ സംഗമത്തില്‍ ജില്ലാ യുഡിഎഫ് ചെയര്മാന് കെ. ബാലനാരയണന്‍ അധ്യക്ഷനായിരുന്നു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ്, ടി.ടി. ഇസ്മായില്‍, കെ.സി. അബു, എന്‍. സുബ്രഹ്മണ്യന്, അഷ്റഫ് മണക്കാട്, തോമസ്, രാംദാസ് വേങ്ങരി എന്നിവർ പ്രസംഗിച്ചു