കാലിക്കറ്റ് ട്രേഡ് സെന്ററിൽ അഴിമതിയെന്ന് പരാതി: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
1283061
Saturday, April 1, 2023 12:29 AM IST
കോഴിക്കോട്: സരോവരം റോഡിൽ പ്രവർത്തിക്കുന്ന കാലിക്കട്ട് ട്രേഡ് സെന്ററുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഒത്തുകളിച്ച് സാമ്പത്തിക ലാഭമുണ്ടാക്കുകയാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
കാലിക്കട്ട് ട്രേഡ് സെന്റർ ഹാൾ നിയമവിരുദ്ധമായി ലക്ഷങ്ങൾ വാങ്ങി വിവിധ പരിപാടികൾക്ക് അനുവദിക്കുന്നത് അഴിമതിയാണെന്ന് പരാതിയിൽ പറയുന്നു. 5000 പേരെ മാത്രം ഉൾക്കൊള്ളുന്ന ഹാളിൽ മൂന്നിരട്ടിയിലധികം ആളുകൾ പങ്കെടുക്കുന്നു. ആവശ്യത്തിന് ശുചിമുറികളോ വാഹനപാർക്കിംഗ് സൗകര്യമോ ഇല്ല.
മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിച്ചിട്ടില്ല. സെന്ററിന് സമീപമുള്ള മൈതാനത്തിൽ ലൈസൻസ് എടുക്കാതെ സ്വകാര്യ കച്ചവട സ്ഥാപനങ്ങൾ പരിപാടികൾ നടത്തുന്നതു പതിവാണ്.
ഇവിടത്തെ തണ്ണീർ തടങ്ങളും കണ്ടൽകാടുകളും നശിപ്പിക്കുന്നു. റവന്യു, വൈദ്യുതി, ജലസേചനം, ജല അതോറിറ്റി തുടങ്ങിയ സർക്കാർ വകുപ്പുകൾ നിയമ ലംഘനങ്ങൾക്ക് കൂട്ടുനിൽക്കുകയാണെന്നും പരാതിയിൽ പറയുന്നു. സതീഷ് പാറന്നൂർ സമർപ്പിച്ച പരാതിയിലാണ് നടപടി.