റിട്ട. പോലീസ് ഇൻസ്പെക്ടറുടെ വീട് കുത്തിത്തുറന്ന് അഞ്ച് പവനും 45000 രൂപയും കവർന്നു
1283059
Saturday, April 1, 2023 12:29 AM IST
വടകര: ചോമ്പാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മുക്കാളിയിൽ വീട് കുത്തിത്തുറന്ന് മോഷണം. തമിഴ്നാട് പോലീസ് ഇൻസ്പെകടറായി വിരമിച്ച മുക്കാളിയിലെ ശ്രീ ഹരിയിൽ ഹരീന്ദ്രന്റെ വീട്ടിലാണ് പുലർച്ചെ മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ച അഞ്ച് പവൻ സ്വർണവും നാൽപതിനായിരം രൂപയും മോഷണം പോയി.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഹരീന്ദ്രനും കുടുംബവും വീട് പൂട്ടി ബംഗ്ളൂരുവിലെ മകളുടെ വീട്ടിൽ പോയത്. വീട്ടിൽ പുറകുവശത്തെ ഗ്രിൽസിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. വീട്ടിനകത്ത് അലമാരയിൽ സൂക്ഷിച്ച 45000 രൂപയും അഞ്ച് പവനുമാണ് മോഷ്ടിച്ചത്. ഹെൽമറ്റ് ധരിച്ച രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. ഇവരുടെ ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.
മോഷ്ടാവിന്റെതെന്ന് കരുതുന്ന ഹെൽമെറ്റ് ഉപേക്ഷിച്ച നിലയിൽ വീട്ടിൽ കണ്ടെത്തി. വെള്ളിയാഴ്ച്ച രാവിലെ വീടിന്റെ ഗ്രിൽസ് തുറന്നു കണ്ട അയൽക്കാരായ ബന്ധുക്കളാണ് പോലീസിൽ വിവരമറിയിച്ചത്. ചോമ്പാല സിഐ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിൽ പരിശോധന നടത്തി.
പയ്യോളി കെ 9 സ്ക്വാഡിലെ ട്രാക്കർ ഡോഗ് റോണിയും വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി. ഏതാനും ദിവസം മുമ്പാണ് സമീപത്ത് തന്നെയുള്ള ഡോക്ടറുടെ വീട്ടിൽ നിന്ന് 20 പവൻ സ്വർണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും മോഷ്ടാക്കൾ കവർന്നത്. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും മോഷണം.