മണ്ടോപ്പാറ കുടിവെള്ള പദ്ധതിയിൽ വെള്ളം ധാരാളം ; പ്രവർത്തനം അവതാളത്തിൽ
1283058
Saturday, April 1, 2023 12:29 AM IST
കൂരാച്ചുണ്ട്: വേനൽ ചൂട് കനത്തതോടെ കൂരാച്ചുണ്ട് പഞ്ചായത്ത് മൂന്നാം വാർഡിലുൾപ്പെട്ട മണ്ടോപ്പാറ കോളനിയിലും സമീപമുള്ള ലാസ്റ്റ് പൂവ്വത്തുംചോല മേഖലയിലും കുടിവെള്ള ക്ഷാമം. ഇവിടെ പ്രദേശത്തുകാർക്കായി ആരംഭിച്ച മണ്ടോപ്പാറ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം അവതാളത്തിലായതാണ് കാരണം. പദ്ധതിയുടെ കിണറ്റിൽ വെള്ളം ധാരാളം ഉണ്ടെങ്കിലും പദ്ധതിയുടെ മോട്ടോർ മാസങ്ങൾക്ക് മുമ്പ് സാങ്കേതിക തകരാറായത് അറ്റകുറ്റപ്പണി നടത്താൻ വൈകുന്നതാണ് ജലക്ഷാമത്തിന് കാരണമെന്നാണ് ആക്ഷേപം.
മണ്ടോപ്പാറ കോളനിയിലെ പന്ത്രണ്ടോളം കുടുംബങ്ങൾ ഉപയോഗിച്ചുവരുന്ന പഞ്ചായത്ത് കിണറിലും വെള്ളം വറ്റി തുടങ്ങി. ഇപ്പോൾ പഞ്ചായത്ത് വാഹനത്തിൽ കുടിവെള്ളം എത്തിക്കാൻ ആരംഭിച്ചെങ്കിലും കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം സജ്ജമായാൽ ആവശ്യാനുസരണം കുടിവെള്ളം ലഭിക്കുമെന്നാണ് ഗുണഭോക്താക്കൾ പറയുന്നത്. പട്ടികജാതി വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടായ 20 ലക്ഷം രൂപ ചെലവഴിച്ചാണ് കുടിവെള്ള പദ്ധതി ആരംഭിച്ചത്. എന്നാൽ പദ്ധതി ഉപകാരപ്രദമാകാത്ത നിലയിലാണ്. സമീപമുള്ള ലാസ്റ്റ് പൂവ്വത്തുംചോലയിലെ ഇരുപതിലേറെ കുടുംബങ്ങളും ജലക്ഷാമത്താൽ ദുരിതത്തിലാണ്.
ഇവിടെയും ഈ കുടിവെള്ള പദ്ധതിയിൽ നിന്നും വെള്ളമെത്തിക്കാൻ പൈപ്പുകൾ സ്ഥാപിച്ചിട്ട് നാളുകൾ ഏറെയായെങ്കിലും ജലവിതരണം നടത്താൻ കഴിഞ്ഞിട്ടില്ല.