വേനൽ: മൃഗസംരക്ഷണത്തിനു മുൻകരുതലുകൾ സ്വീകരിക്കണം
1278172
Friday, March 17, 2023 12:12 AM IST
കോഴിക്കോട്: കടുത്ത വേനൽക്കാലത്ത് കർഷകർ മൃഗസംരക്ഷണത്തിന് മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
മൃഗങ്ങൾക്കും പക്ഷികൾക്കും തണുത്ത ശുദ്ധജലം സദാസമയവും യഥേഷ്ടം ലഭ്യമാക്കണം. വായു സഞ്ചാരമുള്ള വാസസ്ഥലം ലഭ്യമാക്കുന്നതോടൊപ്പം ഓമന മൃഗങ്ങളെ വാഹനങ്ങളിൽ പൂട്ടിയിടുന്നത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശിച്ചു.
വളർത്തുമൃഗങ്ങളുടെ ട്രാൻസ്പോർട്ടേഷൻ രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം. മൃഗങ്ങളെ വാഹനങ്ങളിൽ കുത്തിനിറച്ച് കടത്തുന്നത് ഒഴിവാക്കണം.
ധാതുലവണ മിശ്രിതം, വിറ്റാമിൻസ്, പ്രബയോട്ടിക്സ് എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം. ദഹനത്തിനെ കൂടുതൽ സമയം എടുക്കുന്ന വൈക്കോൽ അന്തരീക്ഷതാപനില കുറഞ്ഞിരിക്കുമ്പോൾ രാത്രി സമയത്തു മാത്രം നൽകുക. ധാരാളമായി പച്ചപ്പുൽ നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഖര ആഹാരത്തിന്റെ സമയം അതിരാവിലെയും രാത്രിയുമായി നിജപ്പെടുത്തുക, ചൂടിനെ ക്രമീകരിക്കാൻ തൊഴുത്തിൽ നല്ല വായു സഞ്ചാരം ലഭ്യമാക്കുക, തൊഴുത്തിൽ ഫാനുകൾ നിർബന്ധമാക്കുക, മേൽക്കൂരയിൽ ജൈവ പന്തലായ കോവയ്ക്ക, ഫാഷൻ ഫ്രൂട്ട് എന്നിവ പടർത്തുന്നതും വൈക്കോൽ വിരിക്കുന്നതും താപനില കുറയ്ക്കാൻ സഹായിക്കും.
തൊഴുത്തിന്റെ ഭിത്തിയിൽ കുമ്മായം പൂശുന്നത് സൂര്യ വികിരണത്തെ സഹായിക്കുമെന്നും ഓഫീസർ അറിയിച്ചു. തളർച്ച, പനി, ഉയർന്ന ശ്വാസോച്ഛാസ നിരക്ക്, കിതപ്പ്, വായ തുറന്നുള്ള ശ്വസനം, വായിൽ നിന്നും ഉമിനീർ നുരയും പതയും വരൽ, പൊള്ളിയ പാടുകൾ എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ.
സൂര്യാഘാതമേറ്റാൽ ഉടനെ വെള്ളം ഒഴിച്ച് നന്നായി നനയ്ക്കണം. കുടിക്കാൻ ധാരാളം വെള്ളം നൽകുകയും ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ നേടുകയും ചെയ്യണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.