ഭരണനേട്ടവുമായി തെരഞ്ഞെടുപ്പിനെ നേരിടും: മന്ത്രി
1546255
Monday, April 28, 2025 5:46 AM IST
നിലന്പൂർ: നിലന്പൂരിൽ സിപിഐ തെരഞ്ഞെടുപ്പ് കണ്വൻഷൻ നടത്തി. ചന്തക്കുന്ന് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തിയ മുനിസിപ്പൽ കണ്വൻഷൻ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. 2021-ൽ ഇടതുമുന്നണി പരാജയപ്പെടുമെന്ന് ചില മാധ്യമങ്ങൾ ഉൾപ്പെടെ പ്രചാരണം നടത്തിയെങ്കിലും ജനങ്ങൾ എൽഡിഎഫ് സർക്കാരിൽ വിശ്വാസമർപ്പിച്ചതിന്റെ ഫലമായാണ് വൻ ഭൂരിപക്ഷത്തോടെ തുടർഭരണം ലഭിച്ചത്. 24000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച താൻ ഉൾപ്പെടെ തോൽക്കുമെന്നായിരുന്നു പ്രചാരണം.
പറഞ്ഞാൽ പറയുന്ന കാര്യങ്ങൾ ആർജവത്തോടെ നടപ്പാക്കുന്ന സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്. ഉമ്മൻചാണ്ടി സർക്കാർ ഉപേക്ഷിച്ച ദേശീയപാത വികസനം നടപ്പാക്കിയത് എൽഡിഎഫ് സർക്കാരാണ്. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ നേട്ടം കൈവരിക്കാനായി. ആരും പട്ടിണി കിടക്കരുതെന്നും വീട് ഇല്ലാത്തവർ ഉണ്ടാകാൻ പാടില്ലെന്നതും ഇടത് സർക്കാരിന്റെ കാഴ്ചപ്പാടാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒന്പത് വർഷത്തെ ഭരണനേട്ടം മുൻനിർത്തിയായിരിക്കും നിലന്പൂർ ഉപതെരഞ്ഞെടുപ്പിനെ നേരിടുക.
എൽഡിഎഫ് ആരെ സ്ഥാനാർഥിയാക്കിയാലും പാർട്ടി സ്ഥാനാർഥിയായി കണക്കാക്കി പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ കമ്മിറ്റി അംഗം പി.എം.ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇരുന്പൻ സൈതലവി, നിലന്പൂർ മണ്ഡലം സെക്രട്ടറി എം. മുജീബ് റഹ്മാൻ, ലോക്കൽ സെക്രട്ടറി ഇ.കെ. ഷൗക്കത്തലി, സി.ഫൈസൽ, ഇർഷാദ് കാഞ്ഞിരാല തുടങ്ങിയവർ പ്രസംഗിച്ചു. പാർട്ടി പ്രവർത്തകരുടെ പങ്കാളിത്തം നിലന്പൂർ മേഖലയിലെ പാർട്ടിയുടെ ശക്തി തെളിയിക്കുന്നതു കൂടിയായി മാറി.