മുക്കുപണ്ടം തട്ടിപ്പ്: 16 വർഷത്തിനുശേഷം പ്രതി പിടിയിൽ
1545600
Saturday, April 26, 2025 5:20 AM IST
എടക്കര: മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തി മുങ്ങിയ കേസിലെ പ്രതി 16 വർഷത്തിന് ശേഷം വഴിക്കടവ് പോലീസിന്റെ പിടിയിലായി.
കണ്ണൂർ മുണ്ടുപറന്പ് പുളിക്കൽ ജോസിനെയാണ് (60) വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്. 2009 ലായിരുന്നു കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. വഴിക്കടവിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ പിടിയിലായ ജോസ് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ താമസിച്ച പ്രതിയെ ഒടുവിൽ കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ വച്ചാണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്. അനധികൃതമായി മദ്യം കൈവശം വച്ചതിന് പ്രതിക്കെതിരെ തലശേരിയിൽ എക്സൈസ് കേസും നിലവിലുണ്ട്.
നിലന്പൂർ ഡിവൈഎസ്പി സാജു കെ. ഏബ്രഹാമിന്റെ നിർദേശ പ്രകാരം വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ രതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ അലക്സ് കൈപ്പിനി, വിനീഷ് മാന്തൊടി എന്നിവരാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്.
പ്രതിയെ നിലന്പൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.