"ആരോഗ്യ മേഖലയിൽ ലബോറട്ടറികളുടെ പങ്ക് നിർണായകം’
1545869
Sunday, April 27, 2025 5:49 AM IST
പെരിന്തൽമണ്ണ: ആരോഗ്യ മേഖലയിൽ ലബോറട്ടറികളുടെ പങ്ക് നിർണായകമാണെന്നും ഗുണനിലവാരമേൻമ ഉറപ്പുവരുത്തേണ്ടതാണെന്നും ജില്ലാ ആർദ്രം നോഡൽ ഓഫീസർ ഡോ. കെ.കെ. പ്രവീണ അഭിപ്രായപ്പെട്ടു. പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റൽ ലബോറട്ടറി വിഭാഗം സംഘടിപ്പിച്ച ശിൽപശാല ലാബോറ 2025 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
പഠനം, തുടർപഠനം, നൈപുണ്യം എന്നിവയിലൂടെ ഗുണമേൻമ കൈവരിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു. ലബോറട്ടറി വാരാഘോഷ പരിപാടിയുടെ ഭാഗമായി പെരിന്തൽമണ്ണ മൗലാന അക്കാഡമി ഹാളിൽ സംഘടിപ്പിച്ച ശിൽപശാലയിൽ മൗലാന ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എ. സീതി, അധ്യക്ഷത വഹിച്ചു.
അഡ്മിനിസ്ട്രേറ്റർ വി.എം. സെയ്ദ് മുഹമ്മദ്, കണ്‍സൾട്ടന്റ് പത്തോളജിസ്റ്റ് ഡോ. ജസീല, ലബോറട്ടറി വിഭാഗം മേധാവി ഡോ. വിനിത മേരി ജോയ് എന്നിവർ പ്രസംഗിച്ചു. തൃശൂർ മെഡിക്കൽ കോളജ് പത്തോളജി വിഭാഗം മുൻ മേധാവി ഡോ. ജോയ് അഗസ്റ്റിൻ, എംഇഎസ് മെഡിക്കൽ കോളജ് ബയോകെമിസ്ട്രി വിഭാഗം ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ ഡോ. സുമലത, മഞ്ചേരി മെഡിക്കൽ കോളേജ് വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക്ശാസ്ത്രജ്ഞൻ മുഹമ്മദാലി ജൗഹർ, സ്റ്റാൻബയോ ലൈഫ് ടെക്നിക്കൽ മാനേജർ രാഹുൽ രാമചന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
നിർമിതബുദ്ധി അനുഗ്രഹമോ ശാപമോ വിഷയത്തിൽ നടത്തിയ സംവാദം മൗലാന ഹോസ്പിറ്റൽ കണ്‍സൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റ് ഡോ. വിഷ്ണു വാസുദേവൻ നയിച്ചു. മൗലാന ഹോസ്പിറ്റൽ ചീഫ് ഓപ്പറേഷൻ ഓഫീസർ രാംദാസ്, നാലകത്ത് ഗ്രൂപ്പ് ഓഫ് കന്പനീസ് മാനേജർ കെ. വിനു, ലാബ് ഇൻ ചാർജ് ഫെബിൻ റഹ്മാൻ, ലാബ് സൂപ്പർവൈസർ സുഹൈൽ ഖാൻ എന്നിവർ നേതൃത്വം നൽകി. പോസ്റ്റർ മത്സരം, കലാപരിപാടികൾ എന്നിവയും നടത്തി.