ഏറനാട് താലൂക്കിൽ 12 അനധികൃത ക്വാറികൾ
1545607
Saturday, April 26, 2025 5:38 AM IST
മഞ്ചേരി : ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം ഏറനാട് താലൂക്കിൽ റവന്യൂ, പോലീസ്, ജിയോളജി വകുപ്പുകൾ നടത്തിയ സംയുക്ത റെയ്ഡിൽ 12 അനധികൃത ക്വാറികൾ കണ്ടെത്തി.
കാവനൂർ, പുൽപ്പറ്റ, പൂക്കോട്ടൂർ, മേൽമുറി, പാണക്കാട് എന്നീ വില്ലേജുകളിലാണ് റെയ്ഡ് നടന്നത്. മലപ്പുറം അസിസ്റ്റന്റ് ജിയോളജിസ്റ്റ് അജിൽ പ്രകാശ്, ഏറനാട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ മനേഷ് കുമാർ, വില്ലേജ് ഓഫീസർമാരായ ഷാജു കാവനൂർ, പി.പി. ഉമ്മർ പുൽപ്പറ്റ, സിനി പൂക്കോട്ടൂർ, സുനിൽ മേൽമുറി, മുഹമ്മദ് പൂവക്കാട് പാണക്കാട്, എന്നിവർക്കൊപ്പം മഞ്ചേരി, മലപ്പുറം, അരീക്കോട് പോലീസും റെയ്ഡിന് നേതൃത്വം നൽകി.
അരീക്കോട് സ്റ്റേഷൻ പരിധിയിലെ ഒരു ക്വാറിയിൽ നിന്ന് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ക്വാറി ഉടമക്കെതിരെ എക്സ്പ്ലോസീവ് ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കാവനൂർ വില്ലേജ് ഓഫീസർ പരാതി നൽ കിയിട്ടുണ്ട്. അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ ക്വാറികൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് തഹസിൽദാർ എം. മുകുന്ദൻ പറഞ്ഞു.