പഴം, പച്ചക്കറി കയറ്റുമതിക്ക് കൂടുതൽ സൗകര്യമൊരുക്കണം: വികസന സമിതി
1545863
Sunday, April 27, 2025 5:49 AM IST
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി യൂറോപ്യൻ രാജ്യങ്ങളിലേക്ക് പഴം, പച്ചക്കറി കയറ്റുമതി നടത്തുന്നതിനായി കൂടുതൽ സൗകര്യം ഒരുക്കണമെന്ന് ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതിനായി കാർഗോ കോംപ്ലക്സിൽ ആവശ്യമായ സൗകര്യം സജ്ജമാക്കണമെന്നും പി. അബ്ദുൾ ഹമീദ് എംഎൽഎ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കഞ്ഞിപ്പുര - മൂടാൽ ബൈപാസ് നിർമാണം അവസാന ഘട്ടത്തിലാണെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ യോഗത്തെ അറിയിച്ചു. റീട്ടെയ്നിംഗ് വാൾ, ഡ്രൈനേജ് എന്നിവ പൂർത്തീകരിച്ചിട്ടുണ്ടെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഭൂമി തരംമാറ്റുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കണമെന്നും പി. ഉബൈദുള്ള എംഎൽഎ ആവശ്യപ്പെട്ടു.
28 പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും ഇതിൽ 20 പ്രവൃത്തികൾക്ക് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ടെന്നും എൽഎസ്ജിഡി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 15 പ്രവൃത്തികളുടെ ടെൻഡർ നടപടി പൂർത്തിയാക്കിയിട്ടുണ്ട്. മഞ്ചേരി ബൈപാസ് തേർഡ് റീച്ച് പ്രവൃത്തിക്കായുള്ള ടെൻഡർ രണ്ടുദിവസത്തിനകം തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകളുടെ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, അഡ്വ. യു.എ. ലത്തീഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
മഴക്കാലത്തിനു മുന്പായി ബിഎം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ബജറ്റിൽ തുക വകയിരുത്തിയ മഞ്ചേരി സെൻട്രൽ ജംഗ്ഷൻ മുതൽ ചെരണി വരെയുള്ള റോഡ് നവീകരണത്തിന്റെ എസ്റ്റിമേറ്റ് തയാറായിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പിന്റെ കൂട്ടിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നാൽ ഭരണാനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
മുള്ളന്പാറ - കോണികല്ല് റോഡിന്റെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. മഞ്ചേരി - ഒലിപ്പുഴ റോഡിൽ പാണ്ടിക്കാട് സെൻട്രൽ ജംഗ്ഷൻ - മേലാറ്റൂർ റോഡിൽ വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ സൂചനാബോർഡുകൾ, റിംപിൾ സ്ട്രിപ് എന്നിവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അഡ്വ. യു.എ. ലത്തീഫ് എംഎൽഎ ആവശ്യപ്പെട്ടു.
പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരമർപ്പിച്ചാണ് വികസന സമിതി യോഗം അവസാനിപ്പിച്ചത്. യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ. വിനോദ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ആബിദ് ഹുസൈൻ, അഡ്വ. യു.എ. ലത്തീഫ്, പി. അബ്ദുൽ ഹമീദ്, പി. ഉബൈദുള്ള, എഡിഎം എൻ.എം. മെഹറലി, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.ഡി. ജോസഫ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.