കുട്ടികൾക്കുള്ള ഭാഷാ നൈപുണ്യ വികസന പദ്ധതി "കമ്മ്യൂണിക്കോർ’ ജില്ലയിൽ തുടങ്ങി
1545605
Saturday, April 26, 2025 5:38 AM IST
നിലന്പൂർ: കുടുംബശ്രീ സംസ്ഥാനത്തെ ട്രൈബൽ സ്പെഷൽ പ്രൊജക്ട് മേഖലകളിൽ നടപ്പാക്കുന്ന കമ്മ്യൂണിക്കോർ ഭാഷാ നൈപുണ്യ വികസന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി.
ഇംഗ്ലീഷ് എന്ന ആഗോള ഭാഷയിലൂടെ ഭാഷാ നൈപുണ്യ ശേഷി വികസിപ്പിക്കുന്നതിനും പുത്തൻ തൊഴിൽ രംഗങ്ങളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും തദേശിയ ജനവിഭാഗത്തെ മുന്നോട്ട് എത്തിക്കുന്നതിനും വഴിതെളിയിക്കുക എന്നതിനെ അടിസ്ഥാനമാക്കി കുടുംബശ്രീ സംസ്ഥാന മിഷൻ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയാണ് കമ്മ്യൂണിക്കോർ.
കേരളത്തിലെ ട്രൈബൽ സ്പെഷൽ പ്രൊജക്ടുകൾ നടപ്പാക്കുന്ന പ്രദേശങ്ങളിലെ കുട്ടികൾക്കും യുവജനങ്ങൾക്കും ഭാഷാ നൈപുണ്യ വികസനം സാധ്യമാക്കുന്നതിലൂടെ വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിൽ മുൻ നിരയിലെത്തിക്കുക എന്ന ലക്ഷ്യത്തിലൂന്നി കുടുംബശ്രീ സംസ്ഥാന മിഷൻ വിഭാവനം ചെയ്ത പദ്ധതിയാണ് കമ്മ്യൂണിക്കോർ.
ജില്ലയിൽ നിലന്പൂർ ട്രൈബൽ സ്പെഷൽ പ്രൊജക്ടിലാണ് കമ്മ്യൂണിക്കോർ പദ്ധതി നടപ്പാക്കുന്നത്. അമൽ കോളജിലെ ഇംഗ്ലീഷ് വിഭാഗവുമായും സ്കിൽ ഡവലപ്മെന്റ് സെന്ററുമായും സഹകരിച്ചാണ് കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം പി.വി. അബ്ദുൾ വഹാബ് എംപി നിർവഹിച്ചു.
കുടുംബശ്രീ സംസ്ഥാന ഗവേർണിംഗ് ബോഡി അംഗവും നിലന്പൂർ നഗരസഭാ ചെയർമാനുമായ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ 12 നും 18 നും ഇടക്ക് പ്രായമുള്ള തദ്ദേശീയ മേഖലയിലെ 11 ഉന്നതികളിൽ നിന്നായി 34 കുട്ടികൾ മൂന്ന് ദിവസത്തെ ക്യാന്പിൽ പങ്കെടുത്തു. കുട്ടികൾക്കുള്ള ആദ്യ ബാച്ച് പരിശീലനം അമൽ കോളജിൽ വച്ചാണ് സംഘടിപ്പിച്ചത്.
പരിശീലനത്തിൽ പങ്കെടുക്കുന്ന ഓരോർത്തർക്കും അവരുടെ ഭാഷാ നൈപുണ്യ ശേഷി പരമാവധി പരിപോഷിപ്പിക്കുന്നതിന് സഹായകമാകുന്ന തരത്തിലാണ് പ്രവർത്തനങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു.