തോട്ടിൽ മാലിന്യം തള്ളിയ പ്രതികൾ പിടിയിൽ
1545610
Saturday, April 26, 2025 5:38 AM IST
മഞ്ചേരി: പൂക്കോട്ടൂർ അറവങ്കര ന്യൂബസാറിൽ തോട്ടിൽ മാലിന്യം തള്ളിയ പ്രതികൾ പിടിയിൽ. തമിഴ്നാട് ഉദയാർ പാളയം സ്വദേശികളായ പ്രകാശ് മായവേൽ, ഹരിഹരൻ, ഗണപതി, സതീഷ്, ബിഹാർ സ്വദേശിയായ സംസുൽ ജാമ, മൊറയൂർ സ്വദേശിയായ അബ്ദുൾ സലിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.മാലിന്യം കൊണ്ടുവന്ന ഗുഡ്സ് ഓട്ടോയും കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ന്യൂ ബസാർ അങ്ങാടിക്ക് സമീപമുള്ള കൈത്തോട്ടിൽ ആയിരം ലിറ്റർ അഴുകിയ മാലിന്യം അലക്ഷ്യമായി നിക്ഷേപിച്ചിട്ടുള്ളതായി പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.വി. ബിജുമോൻ പോലീസിനെ അറിയിച്ചിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ പ്രതികൾ തള്ളിയ മാലിന്യം ബീഹാർ സ്വദേശിയായ സംസുൽ ജാമ എന്നയാൾ അനധികൃതമായി നടത്തുന്ന മെസിലെ മാലിന്യമാണെന്നും ഇയാൾക്ക് മെസ് നടത്തുന്നതിനാവശ്യമായ ലൈസൻസ് ഇല്ലെന്നും കണ്ടെത്തി. കേസിലെ പ്രതികളായ പ്രകാശ് മായവേൽ, ഹരിഹരൻ, ഗണപതി. സതീഷ് എന്നിവർക്കെതിരെ തമിഴ്നാട്ടിൽ മോഷണകേസുൾപ്പെടെ നിരവധി കേസുകളുണ്ട്.
മഞ്ചേരി എസ്എച്ച്ഒ ഡോ.എം. നന്ദഗോപന്റെ നിർദേശ പ്രകാരം മഞ്ചേരി പോലീസ് ഇൻസ്പെക്ടർ വി. പ്രതാപ് കുമാർ, എഎസ്ഐമാരായ മുഹമ്മദലി, ചന്ദ്രശേഖരൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ഇസുദീൻ, റിയാസ്, സുധീഷ് കുന്നുമ്മൽ, സിപിഒ ഗോകുൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.