അനധികൃത കച്ചവടം ഒഴിപ്പിക്കുന്നത് നിർത്തിവച്ചു : പ്രതിഷേധവുമായി വ്യാപാരികൾ
1546247
Monday, April 28, 2025 5:46 AM IST
ചങ്ങരംകുളം:പാതയോരത്തെ അനധികൃത കച്ചവടം ഒഴിപ്പിക്കുന്നത് നിർത്തിവച്ചത് പ്രതിഷേധാർഹമാണെന്ന് വ്യാപാരികൾ. തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയിൽ കാളാച്ചാൽ മുതൽ കോലിക്കര വരെയുള്ള ഭാഗങ്ങളിലാണ് പൊതുമരാമത്ത് വകുപ്പും ചങ്ങരംകുളം പോലീസും ആലംകോട് ഗ്രാമപഞ്ചായത്തും ചേർന്ന് അനധികൃത ഷെഡുകളും വഴിയോര കച്ചവടങ്ങളും നീക്കം ചെയ്യൽ തുടങ്ങിയത്. എന്നാൽ വഴിയോര കച്ചവടക്കാർ പ്രതിഷേധവുമായി എത്തിയതോടെ നടപടി നിർത്തി വയ്ക്കുകയായിരുന്നു.
സർക്കാർ ഭൂമി കൈയേറി ഷെഡുകൾ കെട്ടി വൻ വാടക വാങ്ങുന്ന മാഫിയ സംഘങ്ങളാണ് സംസ്ഥാന പാതയോരം കൈയടക്കി ഷെഡുകൾ കെട്ടി കച്ചവടം ചെയ്യുന്നതെന്നും ഇവരുടെ ഭീഷണിക്ക് മുന്നിൽ ഉദ്യോഗസ്ഥർ കീഴ്പ്പെടരുതെന്നും തുടങ്ങിവച്ച ഒഴിപ്പിക്കൽ നടപടി ഉടൻ പൂർത്തിയാക്കണമെന്നും വ്യാപാരി നേതാക്കൾ ആവശ്യപ്പെട്ടു.
സർക്കാർ നിർദേശിച്ച ലൈസൻസുകൾ എടുത്ത് നികുതികളടച്ച് വ്യാപാരം ചെയ്യുന്ന ചെറുകിട വ്യാപാരികളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണെന്നും സർക്കാർ നിർദേശിച്ച വഴിയോര കച്ചവടം ഇങ്ങനെ അല്ലെന്നും അനധികൃത കൈയേറ്റങ്ങൾക്ക് രാഷ്ട്രീയ പാർട്ടികൾ പിന്തുണ നൽകരുതെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.