മഞ്ചേരി - ചെരണി റോഡ് നവീകരണത്തിന് എസ്റ്റിമേറ്റായി
1545866
Sunday, April 27, 2025 5:49 AM IST
മഞ്ചേരി : ബജറ്റിൽ തുക വകയിരുത്തിയ മഞ്ചേരി സെൻട്രൽ ജംഗ്ഷൻ മുതൽ ചെരണി വരെയുള്ള റോഡ് നവീകരണത്തിന്റെ എസ്റ്റിമേറ്റ് തയാറായിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പിന്റെ കൂട്ടിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നാൽ ഭരണാനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർ.
ജില്ലാ വികസന സമിതിയിൽ അഡ്വ. യു.എ. ലത്തീഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. മുള്ളന്പാറ - കോണികല്ല് റോഡ് പ്രവൃത്തികൾ വേഗത്തിൽ നടക്കുന്നുണ്ടെന്നും എൻജിനീയർ അറിയിച്ചു.
മെഡിക്കൽ കോളജ് വികസനത്തിനായി വേട്ടക്കോട് കണ്ടെത്തിയ 50 ഏക്കർ സ്ഥലം അനുയോജ്യമല്ലെന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയത് ടെക്നിക്കൽ വിഭാഗമാണെന്നും ഇതിൽ മെഡിക്കൽ കോളജ് അധികൃതർക്ക് പങ്കില്ലെന്നും പ്രിൻസിപ്പൽ സമിതിയെ അറിയിച്ചു. മഞ്ചേരി ഫയർ സ്റ്റേഷൻ കെട്ടിട നിർമാണ പ്രവൃത്തി പൂർത്തിയാക്കുന്നതിന് ഒരു കോടിയോളം രൂപ കൂടി ആവശ്യമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ മറുപടി നൽകി. നിലവിൽ കെട്ടിടം പ്ലാസ്റ്ററിംഗ് ചെയ്യുന്ന പ്രവൃത്തിയാണ് നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
മഞ്ചേരി - ഒലിപ്പുഴ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിനായി റവന്യൂ സർവേ വിഭാഗവും കെആർഎഫ് ബിയും സംയുക്ത പരിശോധനയും സർവേയും നടത്തി റിപ്പോർട്ട് തയാറാക്കുമെന്നും ജില്ലാ സർവേ സൂപ്രണ്ട്, കെആർഎഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർ അറിയിച്ചു.
മഞ്ചേരി ഒലിപ്പുഴ റോഡിൽ പാണ്ടിക്കാട് സെൻട്രൽ ജംഗ്ഷനിൽ അപകടം നിത്യസംഭവമാണെന്നും ഇത് പരിഹരിക്കുന്നതിന് റംന്പിൾ സ്ട്രാപ്പും സൂചന ബോർഡുകളും സ്ഥാപിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.