നാടുകാണിച്ചുരം പാതയിൽ മാലിന്യം തള്ളി
1545611
Saturday, April 26, 2025 5:38 AM IST
എടക്കര: അന്തർ സംസ്ഥാന പാതയായ നാടുകാണി ചുരത്തിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളി. കഴിഞ്ഞദിവസം രാത്രി വാഹനത്തിരക്ക് ഒഴിഞ്ഞതിന് ശേഷമാണ് കോഴിക്കടയിൽ നിന്നുള്ളതെന്ന് സംശയിക്കുന്ന മാലിന്യങ്ങൾ ചാക്കിൽ കെട്ടി ഒന്നാം വളവിന്റെ താഴെയായി തള്ളിയത്.
ദുർഗന്ധം വമിക്കുന്നതിനാൽ ഇതുവഴിയുള്ള യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്. ജനവാസ കേന്ദ്രത്തിന് തൊട്ടടുത്തായാണ് മാലിന്യം തള്ളിയിരിക്കുന്നത്. മാലിന്യങ്ങൾ നിറച്ച 50ലധികം ചാക്കുകളാണ് ചുരത്തിൽ തള്ളിയിട്ടുള്ളത്.
മഴ പെയ്താൽ ഈ മാലിന്യം ജനവാസകേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തും. ഈ ഭാഗത്ത് നിന്നാണ് മേഖലയിലെ നിരവധിയാളുകൾ നിത്യേന ഉപയോഗിക്കുന്ന അത്തിത്തോട് ഒഴുകുന്നത്. അത്തിത്തോട്ടിലും മാലിന്യം കലരും.
നാടുകാണി ചുരം പാതയിലെ മാലിന്യ നിക്ഷേപങ്ങൾക്ക് തടയിടുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ചുരത്തിൽ നിരീക്ഷണ കാമറ അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തുന്നതിന് പോലീസും ഗ്രാമപഞ്ചായത്ത് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.