അവശനിലയിൽ കണ്ടെത്തിയ ആനയ്ക്ക് ചികിത്സ നൽകാനുള്ള ശ്രമം തുടരും
1546248
Monday, April 28, 2025 5:46 AM IST
എടക്കര: പോത്തുകൽ ഭൂദാനം കവളപ്പാറയിൽ അവശനിലയിൽ കണ്ടെത്തിയ ആനയ്ക്ക് ചികിത്സ നൽകുനുള്ള വനം വകുപ്പിന്റെ ശ്രമം വിജയിച്ചില്ല. നിരീക്ഷണം തുടരുന്നു. ഇന്നലെ കാഞ്ഞിരപ്പുഴ വനം ഡെപ്യൂട്ടി ഇൻ ചാർജ് പി. മാനുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘം ആനയെ നിരീക്ഷിച്ചിരുന്നു കവളപ്പാറയിലെ പന്നി ഫാമിന് സമീപമുളള്ള സ്വകാര്യവ്യക്തിയുടെ റബർ തേട്ടത്തിൽ വനപാലക സംഘം ആനയെ കണ്ടെത്തി.
എന്നാൽ വനം വെറ്ററിനറി ഡോക്ടർമാർ ഇന്നലെ അവധിയായിരുന്നതിനാൽ ആനയെ മയക്കുവെടി വയ്ക്കാൻ സാധിച്ചില്ല. തുടർന്ന് ആനയെ വനത്തിലേക്ക് കയറ്റി വിടുകയും ചെയ്തു. ചെങ്കുത്തായ പ്രദേശത്താണ് ആന നിലയുറപ്പിച്ചിരിക്കുന്നത് എന്നതിനാൽ മയക്കുവെടി വയ്ക്കുക അസാധ്യവുമാണ്.
ഇന്ന് വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ ആനയെ നിരീക്ഷണം നടത്തും. സാഹചര്യങ്ങൾ അനുകൂലമായാൽ മയക്കുവെടി വച്ച് ചികിത്സ നൽകാനാണ് തീരുമാനം. എന്നാൽ കുന്നിൻ പ്രദേശങ്ങളിൽ വച്ച് മയക്കുവെടി വച്ചാൽ ആനയ്ക്ക് പരിക്കേൽക്കാനും ചികിത്സാ സംഘത്തിന് നേരെ ആക്രമണം അഴിച്ചുവിടാനും സാധ്യതയുണ്ട്.
വനത്തിന് പുറമെ സ്വകാര്യവ്യക്തികളുടെ നിരപ്പായ ഭൂമിയിൽ വച്ചായാലും മയക്കുവെടി വയ്ക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആന്റണി മെന്റസ്, ബി. ജിതേന്ദ്ര കുമാർ, സുധീഷ്, കെ.കെ. സുനിൽ, ഷെഫീഖ് എന്നിവരടങ്ങിയ സംഘമാണ് ആനയെ ഇന്നലെ നിരീക്ഷണം നടത്തിയത്.