നിലന്പൂരിൽ ഒട്ടുപാൽ മോഷ്ടാക്കൾ വിലസുന്നു
1545606
Saturday, April 26, 2025 5:38 AM IST
നിലന്പൂർ: റബർ കർഷകരുടെ ഉറക്കം കെടുത്തി ഒട്ടുപാൽ മോഷ്ടാക്കൾ വിലസുന്നു. നിലന്പൂർ മേഖലയിലെ റബർ തോട്ടങ്ങൾ കേന്ദ്രീകരിച്ച് മോഷണം വർധിക്കുകയാണ്. നിരവധി റബർ കർഷകരുടെയും റബർ തോട്ടങ്ങൾ പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തുന്നവരുടെയും ഒട്ടുപാലാണ് രാത്രിയുടെ മറവിൽ മോഷ്ടാക്കൾ ചാക്കിലാക്കി വണ്ടിയിൽ കയറ്റി കടത്തികൊണ്ടുപോകുന്നത്.
ഇതു സംബന്ധിച്ച് റബർ തോട്ടം ഉടമകളിൽ ചിലർ നിലന്പൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ചാലിയാർ പഞ്ചായത്തിലെ റബർ തോട്ടങ്ങളിലെ ഒട്ടുപാലാണ് വൻതോതിൽ മോഷണം നടത്തുന്നത്.
റബർ തോട്ടത്തിൽ നിന്ന് ഓരോ ദിവസവും ടാപ്പിംഗിലൂടെ ലഭിക്കുന്ന ഒട്ടുപാലാണ് തോട്ടത്തിലെ ഷെഡുകളിൽ സൂക്ഷിക്കുന്നത്.
15 ഉം 20 ഉം ദിവസങ്ങൾ കഴിയുന്പോൾ തോട്ടം ഉടമ ഇവ കടയിൽ കൊണ്ടുപോകാൻ എത്തുന്പോഴാണ് ഒട്ടുപാൽ കളവ് പോയ കാര്യം അറിയുന്നത്. കഴിഞ്ഞ ദിവസം അകന്പാടത്തെ ഒരു റബർ കടയിൽ മോഷ്ടാവ് റബർ വിൽക്കാൻ എത്തിയപ്പോൾ നിലന്പൂർ പോലീസ് പിടികൂടിയിരുന്നു.
ഇയാൾ 20 കിലോ ഒട്ടുപാലാണ് വിൽപ്പനക്ക് കൊണ്ടുവന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മോഷ്ടിക്കുന്ന ഒട്ടുപാൽ കടകളിൽ വിൽപ്പന നടത്താൻ ഇവർക്ക് കഴിയുന്നതാണ് ഒട്ടുപാൽ മോഷണം വർധിക്കാൻ കാരണമാകുന്നത്.