വാക്പോരിൽ അമർന്ന് നഗരസഭാ യോഗം
1545612
Saturday, April 26, 2025 5:38 AM IST
പൊന്നാനി:പൊന്നാനി നഗരസഭയിൽ 2024-2025 സാന്പത്തിക വർഷത്തിൽ വിതരണം ചെയ്യേണ്ടിയിരുന്ന വ്യക്തിഗത ആനുകൂലങ്ങൾ വിതരണം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചെന്നാരോപിച്ച് കൗണ്‍സിലിൽ പ്രതിപക്ഷ-ഭരണപക്ഷ വാക്പോര്.
ആനുകൂല്യങ്ങൾ സൗകര്യമുള്ളപ്പോൾ വിതരണം ചെയ്യുമെന്ന സ്ഥിരം സമിതി അധ്യക്ഷന്റെ വാക്കുകൾ പ്രതിപക്ഷ കൗണ്‍സിലർമാരെ ചൊടിപ്പിച്ചു. ഇതോടെ ഭരണപക്ഷ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ പോർവിളിയുമായി നടുത്തളത്തിലിറങ്ങി. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ വിവിധ പദ്ധതികൾക്കുള്ള തുക വിതരണം ചെയ്യാത്തതിനാൽ ഫണ്ട് പാഴാവുന്ന സാഹചര്യമാണെന്നും ആരോപിച്ചാണ് കൗണ്‍സിൽ യോഗം ആരംഭിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി എത്തിയത്.
പ്ലക്കാർഡുകൾ കൈയിലേന്തിയ കൗണ്‍സിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ചെയർമാൻ മറുപടി നൽകുന്നതിനിടെയാണ് സൗകര്യമുള്ളപ്പോൾ ആനുകൂല്യം വിതരണം ചെയ്യുമെന്ന് സ്ഥിരം സമിതി അധ്യക്ഷൻ പറഞ്ഞത്. ബഹളത്തെ തുടർന്ന് കൗണ്‍സിൽ യോഗം പിരിച്ചു വിട്ടു.
പ്രതിഷേധത്തിന് പ്രതിപക്ഷതാവ് ഫർഹാൻ ബിയ്യം, മിനി ജയപ്രകാശ്, ആയിഷ അബ്ദു, ശ്രീകല ചന്ദ്രൻ, ഷബ്ന അസ്മി, റാഷിദ് നാലകത്ത്, കെ.എം. ഇസ്മായിൽ, പ്രിയങ്ക വേലായുധൻ, എം.പി. ഷബീറാബി എന്നിവർ നേതൃത്വം നൽകി.