ലോട്ടറി ടിക്കറ്റ് വിതരണക്രമത്തിനും സമയമാറ്റത്തിനുമെതിരേ ഐഎൻടിയുസി
1546254
Monday, April 28, 2025 5:46 AM IST
തിരൂർ : ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയിൽ നിന്ന് 50 രൂപയായി വർധിപ്പിച്ചപ്പോൾ വരുത്തിയ വിതരണക്രമത്തിലെ മാറ്റം പിൻവലിക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് കോണ്ഗ്രസ് ഐഎൻടിയുസി സംസ്ഥാന സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
ടിക്കറ്റ് വിതരണത്തിൽ 90 ശതമാനം ടിക്കറ്റും വിൽപ്പനക്കാർക്കും ഏജന്റുമാർക്കും നൽകണം. ഇതരസംസ്ഥാന ലോട്ടറി മാഫിയകൾക്ക് ലോട്ടറി നിരോധിത സംസ്ഥാനങ്ങളിൽ കരിഞ്ചന്തയിൽ ടിക്കറ്റ് വിൽക്കാൻ അനുവദിക്കുന്ന നടപടിയാണ് അധികാരികളുടേത്. നറുക്കെടുപ്പ് സമയം മൂന്ന് മണിയിൽ നിന്ന് രണ്ടുമണിയായി കുറച്ചതിനാൽ വിൽപ്പനക്കാർക്ക് മുഴുവൻ ടിക്കറ്റും വിറ്റുപോകാത്ത അവസ്ഥയാണ്.
അതിനാൽ സമയമാറ്റം തൊഴിലാളി ദ്രോഹവും മാഫിയകളെ സഹായിക്കുവാനുമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മേയ് ആദ്യവാരം ലോട്ടറി ഡയറക്ടർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.
തിരൂരിൽ നടന്ന സംസ്ഥാന സമ്മേളനം ഐഎൻടിയുസി മലപ്പുറം ജില്ലാ പ്രസിഡന്റ് വി.പി. ഫിറോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷനായിരുന്നു.സംസ്ഥാന സമ്മേളന സ്വാഗതസംഘം കണ്വീനറും ജില്ലാ പ്രസിഡന്റുമായ കനകൻ വള്ളിക്കുന്ന്, സംസ്ഥാന ഭാരവാഹികളായ പി.വി. പ്രസാദ്, ചവറ ഹരീഷ്, എം.സി. തോമസ്, പി.എൻ. സതീശൻ,എം.എ. ജോസഫ്, ഒ.ബി. രാജേഷ്,
കെ. ദേവദാസ്, അഡ്വ. തോന്നല്ലൂർ ശശിധരൻ, എം.സുരേഷ് ബാബു,സജീവ് താനൂർ, ബെന്നി ജേക്കബ്, ശശിധരൻ പൊന്നാനി, എം.എസ്. യൂസഫ്, അനിൽ അനിക്കാട്,ഡി. കുമാർ, ഷലീജ് കുറ്റിപ്പുറം, പി.വി.സജേഷ്, കെ.പി. ഭൂവനചന്ദ്രൻ, രഞ്ജിത് കണ്ണോത്ത്,കെ. കരുണാകരൻ, ജോർജ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.