നിലന്പൂർ ഉപതെരഞ്ഞെടുപ്പ് : തെരഞ്ഞെടുപ്പിനൊരുങ്ങി എൽഡിഎഫ്; ബൂത്ത് ഓഫീസുകൾ തുറന്നു
1545604
Saturday, April 26, 2025 5:37 AM IST
എടക്കര: നിലന്പൂർ ഉപതെരഞ്ഞെടുപ്പിനായി എൽഡിഎഫ് ബൂത്ത് ഓഫീസുകൾക്ക് തുടക്കം. നിലന്പൂർ നിയോജക മണ്ഡലത്തിൽ മൂത്തേടം പഞ്ചായത്തിലാണ് എൽഡിഎഫിന്റെ ഏഴ് ബൂത്ത് ഓഫീസുകൾ പ്രവർത്തനം ആരംഭിച്ചത്. വിവിധ ബൂത്ത് ഓഫീസുകൾ സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗവും നിലന്പൂർ നിയോജക മണ്ഡലം സെക്രട്ടറിയുമായ വി.എം. ഷൗക്കത്ത്, ജില്ലാ കമ്മിറ്റിയംഗം കെ. ഭാസ്ക്കരൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
ബൂത്ത് 52, 55, 56, 57, 62, 67, 69 ഓഫീസുകളാണ് ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചത്. ജില്ലാ കമ്മിറ്റിയംഗം കെ. ഭാസ്ക്കരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ.ടി. റെജി, വി.കെ. ഷാനവാസ്, സിപിഎം മൂത്തേടം ലോക്കൽ സെക്രട്ടറി എ.പി. അനിൽ, സിപിഐ മൂത്തേടം ലോക്കൽ സെക്രട്ടറി പി.വി. ടോമി, ബൂത്ത് സെക്രട്ടറിമാരായ കെ. രാമകൃഷ്ണൻ, പനോലൻ ബഷീർ, പി.കെ. വാസുദേവൻ, പുതിയത്ത് അബ്ദുൾ കരീം, കെ.എസ്. ഷിജു, നിസാർ അഹമ്മദ്, സി.കെ. ബിൻഷാദ് എന്നിവർ പ്രസംഗിച്ചു.
യുഡിഎഫിൽ സീറ്റിന് അവകാശം ഉന്നയിച്ച് വനിതാ കോണ്ഗ്രസ് നേതാക്കളും
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പ് സീറ്റിൽ അവകാശവാദവുമായി കോണ്ഗ്രസ് വനിതാ നേതാക്കളും. പ്രിയങ്കാ ഗാന്ധിയുടെ മണ്ഡലത്തിലെ ഒരു നിയമസഭ സീറ്റെങ്കിലും വനിതകൾക്ക് നൽകണമെന്നാണ് ഇവരുടെ അവകാശവാദം. കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, ഡിസിസി ജനറൽ സെക്രട്ടറി ബീനാ ജോസഫ് എന്നിവരാണ് രംഗത്ത് വന്നിട്ടുള്ളത്. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയാറാണെന്നും ഇവർ പറഞ്ഞു.
മലപ്പുറം ജില്ലയിൽ നിന്ന് ഒരു വനിതാ എംഎൽഎ ഇതുവരെ കോണ്ഗ്രസിനുണ്ടായിട്ടില്ല. വനിതാ സ്ഥാനാർഥിയാണെങ്കിൽ നിലവിലെ സീറ്റ് തർക്കത്തിന് തടയിടാമെന്നും ഇവർ പറഞ്ഞു. കാളികാവ് ഗ്രാമപഞ്ചായത്ത്പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗം എന്നി നിലകളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവച്ച നേതാവുകൂടിയാണ് ആലിപ്പറ്റ ജമീല. മഞ്ചേരി നഗരസഭ വൈസ് ചെയർപേഴ്സണ് എന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയിട്ടുള്ള ബീനാ ജോസഫ് നിലവിൽ മഞ്ചേരി നഗരസഭാ കൗണ്സിലറാണ്.
കൂടാതെ ലോയേഴ്സ് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. നിലന്പൂർ സ്വദേശി കൂടിയാണ്. നിയമസഭയിലും പാർലമെന്റിലും 33 ശതമാനം വനിതാസംവരണത്തിനായി ശക്തമായ നിലപാട് സീകരിക്കുന്ന പ്രിയങ്കാ ഗാന്ധിയുടെ മണ്ഡലത്തിലെ നിയമസഭ മണ്ഡലത്തിൽ വനിതാ സ്ഥാനാർഥിക്കുള്ള സാധ്യത തള്ളികളയാനാകില്ല.