നിലന്പൂർ ചന്തക്കുന്ന് ബസ് സ്റ്റാൻഡ് നിർമാണം ഒരാഴ്ചക്കുള്ളിൽ തുടങ്ങും: ചെയർമാൻ
1545870
Sunday, April 27, 2025 5:49 AM IST
നിലന്പൂർ: യുഡിഎഫ് ഭരണകാലത്ത് പൊളിച്ചിട്ട നിലന്പൂർ നഗരസഭയുടെ ചന്തക്കുന്ന് ബസ് സ്റ്റാൻഡിന്റെ നിർമാണം ഒരാഴ്ചക്കുള്ളിൽ തുടങ്ങുമെന്ന് നിലന്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സർക്കാർ ഏജൻസിയായ കെല്ലിനാണ് നിർമാണ ചുമതല. 10 കോടിയാണ് അനുവദിച്ചിട്ടുള്ളത്. സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി വടപുറം മുതൽ കരിന്പുഴ വരെ കഐൻജി റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് നടപടി തുടങ്ങി. നഗരസഭ പരിധിയിലെ മുഴുവൻ കിഡ്നി രോഗികൾക്കും 4000 രൂപ നഗരസഭ നൽകിവരുന്നു. കാൻസർ രോഗികൾക്കും ചികിത്സ സഹായം നൽകാൻ നടപടി ആരംഭിച്ചിട്ടുണ്ട്.
60 വയസ് കഴിഞ്ഞ മുഴുവൻ പേർക്കും ഭക്ഷ്യകിറ്റുകൾ നൽകാനും പദ്ധതിയുണ്ടെന്ന് ചെയർമാൻ പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, കായിക മേഖലകളിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാനും ഭരണസമിതിക്കായി. നിലന്പൂർ കഐൻജി റോഡിലേക്ക് വെള്ളം കയറുന്നത് തോട് നവീകരണത്തിലൂടെ നടത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലന്പൂർ നഗരസഭയിൽ റോഡ് വികസനം യഥാർഥ്യമാക്കി. റവന്യൂ നികുതി വരുമാനം 30 ശതമാനത്തിൽ നിന്ന് 92 ശതമാനമാക്കി ഉയർത്തി. വൈസ് ചെയർപേഴ്സണ്, മറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവർ നൽകിയ പിന്തുണയും വികസനത്തിന് ആക്കം കൂട്ടി. പാർട്ടി തന്നെ ഏൽപിച്ച എല്ലാ സ്ഥാനങ്ങളും ഉത്തരവാദിത്വതോടെ നിർവഹിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മാട്ടുമ്മൽ സലീം പറഞ്ഞു.
നിലന്പൂരിൽ പാർട്ടി സ്ഥാനാർഥിയാക്കിയാൽ മത്സരിക്കാൻ തയാറാകുമോ എന്ന ചോദ്യത്തിന് നിലന്പൂർ നഗരസഭ ഭരണനേട്ടങ്ങൾ ജനങ്ങളെ അറിയിക്കാനാണ് വാർത്താ സമ്മേളനം എന്നായിരുന്നു മറുപടി. എന്നാൽ താൻ മത്സരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞതുമില്ല.
പി.വി. അൻവറിനെ ജനകീയ എംഎൽഎ എന്ന് പറഞ്ഞത് തെറ്റായി പോയെന്ന് തോന്നുണ്ടോ എന്ന് ചോദ്യത്തോട്് ജനപക്ഷത്ത് നിന്ന സമയത്താണ് അങ്ങനെ പറഞ്ഞതെന്നും അതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അൻവറിന്റെ പുതിയ രാഷ്ട്രീയ നിലപാടിനോട് താൽപര്യമില്ല. നിലന്പൂരിൽ ഇടതുപക്ഷത്തിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണുള്ളത്.
മൂന്നാം പിണറായി സർക്കാർ ജനങ്ങളുടെ ആഗ്രഹമാണ്. നിലന്പൂരിൽ വിജയം ഉറപ്പാണ്. 10 വർഷം യുഡിഎഫ് ഭരിച്ച് കടക്കെണിയിലാക്കിയ നിലന്പൂർ നഗരസഭയെ കഴിഞ്ഞ നാലര വർഷം കൊണ്ട് സംസ്ഥാനത്തെ മികച്ച നഗരസഭകളിൽ ഒന്നാക്കി മാറ്റാൻ കഴിഞ്ഞുവെന്നും ചെയർമാൻ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ വൈസ് ചെയർപേഴ്സണ് അരുമ ജയകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം.ബഷീർ, കക്കാടൻ റഹീം, സ്കറിയ ക്നാം തോപ്പിൽ എന്നിവരും പങ്കെടുത്തു.