കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
1546251
Monday, April 28, 2025 5:46 AM IST
പെരിന്തൽമണ്ണ: വിൽപ്പനക്കുള്ള കഞ്ചാവുമായി ബംഗാൾ സ്വദേശിയെ പെരിന്തൽമണ്ണ എക്സൈസ് സംഘം പിടികൂടി. മൊത്ത കഞ്ചാവ് വിൽപ്പനക്കാരനായ പശ്ചിമ ബംഗാൾ സ്വദേശി ജ്യോതിർമോയി മണ്ഡൽ (40) ആണ് അറസ്റ്റിലായത്.
ഇയാളിൽ നിന്ന് ഒരു കിലോയിലധികം കഞ്ചാവ് കണ്ടെത്തി. 20 വർഷത്തോളമായി കേരളത്തിൽ താമസിക്കുന്ന ഇയാൾ പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും യുവാക്കൾക്കിടയിലും വിദ്യാർഥികൾക്കിടയിലും കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാന കണ്ണിയാണ്.
ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. അനൂപ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. അനൂപ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) യു. കുഞ്ഞാലൻകുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ എ.കെ. മുഹമ്മദ് റിയാസ്, കെ. നിബുണ്, എ. ശരത്ത് എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.