അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷന് പുതിയ മുഖം
1545862
Sunday, April 27, 2025 5:48 AM IST
അങ്ങാടിപ്പുറം:അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ സ്റ്റേഷന്റെ മുഖച്ഛായ തന്നെ മാറ്റി. 2023 സെപ്തംബറിലാണ് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലെ നിർമാണ പ്രവൃത്തികൾക്ക് തുടക്കമായത്. 8.5 കോടി രൂപയുടെ നവീകരണത്തിനാണ് തുടക്കമായത്. റെയിൽവേ സ്റ്റേഷന്റെ മുൻഭാഗം വീതി കൂട്ടുന്ന പ്രവൃത്തിയുംറെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രധാന റോഡ് വീതി കൂട്ടി രണ്ടുവരിപാതയാക്കുന്നതും കഴിഞ്ഞു.
ഷൊർണൂർ -നിലന്പൂർ ലൈനിൽ കൂടുതൽ യാത്രക്കാർ കയറിയിറങ്ങുന്ന സ്റ്റേഷനുകളിൽ ഒന്നായ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾ മതിയായ നീളമില്ലായിരുന്നു. ഈ കുറവ് പരിഹരിക്കാൻ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകൾ നീളം കൂട്ടി കൂടുതൽ ഇരിപ്പിടങ്ങളും ഒരുക്കി. സ്റ്റേഷന്റെ മുൻഭാഗം മനോഹരമായ ടൈൽസുകൾ വിരിച്ചു. പൂന്തോട്ടങ്ങളും ലൈറ്റുകളും ഒരുക്കി.
ഈ ലൈനിലെ മറ്റു സ്റ്റേഷനുകളിൽ നിന്ന് അങ്ങാടിപ്പുറം വ്യത്യസ്തമായി കഴിഞ്ഞു. ആധുനിക ടിക്കറ്റ് കൗണ്ടറുകൾ, വിശ്രമമുറികൾ, ശുചിമുറികൾ എന്നിവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്. കാഴ്ചപരിമിതർക്ക് ബ്രെയിലി ബോർഡുകൾ ഏർപ്പെടുത്തുമെന്നാണ് പ്രതീക്ഷ. നിലവിലെ രണ്ട് ഗുഡ്സ് പ്ലാറ്റ്ഫോമുകൾക്ക് പുറമേ ഒന്നുകൂടി നിർമിക്കാൻ പദ്ധതിയുണ്ട്. എഫ്സിഐ ഗോഡൗണിനോടനുബന്ധിച്ച് ചരക്കിറക്കുന്ന ലൈനിനോട് അനുബന്ധിച്ചാണ് പുതിയത് നിർമിക്കുക. എഫ്സിഐയിലേക്ക് ചരക്കിറക്കാൻ ഇത് കൂടുതൽ സൗകര്യമാകും.
ഒന്നാം പ്ലാറ്റ്ഫോമായി ഇതിനെ ബന്ധിപ്പിച്ച് മേൽപ്പാലവും നിർമിക്കും. ഇതിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. നിലവിൽ എഫ്സിഐയിലേക്ക് ചരക്ക് വാഹനങ്ങൾ എത്തുന്ന റോഡ് വഴിയാണ് റെയിൽവേ സ്റ്റേഷനിലേക്ക് വലിയൊരു വിഭാഗം യാത്രക്കാർ എത്തുന്നത്. ഇതും വീതി കൂട്ടി രണ്ടു വരിയാക്കാനാണ് തീരുമാനം.
ഈ റോഡ് വരുന്നതോടെ മൂന്നാം പ്ലാറ്റ്ഫാമിൽ നിന്ന് ഒന്നും രണ്ടും പ്ലാറ്റ്ഫോമിലേക്ക് അനായാസം എത്താനാകും. ഈ റോഡിന്റെ പ്രവൃത്തി താമസിയാതെ തുടങ്ങുമെന്നപ്രതീക്ഷയിലാണ് യാത്രക്കാർ.