രാമപുരം ജെംസ് കോളജ് അന്താരാഷ്ട്ര രംഗത്തേക്ക്: ധാരണാപത്രം ഒപ്പുവച്ചു
1545301
Friday, April 25, 2025 5:48 AM IST
രാമപുരം: മലേഷ്യ ഐഎൻടിഐ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുമായി അക്കാദമിക്, ഗവേഷണ സഹകരണത്തിന് ലക്ഷ്യമിട്ടുള്ള ധാരണാപത്രം ജെംസ് കോളജ് ഒപ്പുവച്ചു. കോളജിന് പുതിയ സാധ്യതകൾ തുറക്കുന്ന സഹകരണത്തിലൂടെ വിദ്യാർഥികൾക്കും അധ്യാപകർക്കും പരസ്പരം സ്ഥാപനങ്ങൾ സന്ദർശിക്കാനും പഠിക്കാനും ഗവേഷണം നടത്താനും അവസരം ലഭിക്കും. കൂടാതെ, ഇരു സ്ഥാപനങ്ങളും സംയുക്ത ഗവേഷണ പദ്ധതികൾ, അക്കാദമിക് പ്രോഗ്രാമുകൾ, വിജ്ഞാന വിനിമയ പരിപാടികൾ എന്നിവയിൽ ഒരുമിച്ച് പ്രവർത്തിക്കും.
അന്താരാഷ്ട്ര സെന്ററുകൾ സ്ഥാപിക്കുന്നതിനും സംയുക്ത കോഴ്സുകൾ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവ സംഘടിപ്പിക്കുന്നതിനും ധാരണാപത്രത്തിൽ വ്യവസ്ഥകളുണ്ട്. കോളജ് കാമ്പസിൽ നടന്ന ഒപ്പുവയ്ക്കൽ ചടങ്ങിൽ ഇരു സർവകലാശാലകളിലെയും പ്രധാന പ്രതിനിധികൾ പങ്കെടുത്തു.
അഞ്ച് വർഷത്തേക്കുള്ള ഈ സഹകരണം ജെംസ് കോളജിന് മലേഷ്യയിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനവുമായുള്ള ആദ്യത്തെ ഔദ്യോഗിക പങ്കാളിത്തമാണ്. നിലവിൽ മറ്റൊരു മലേഷ്യൻ സർവകലാശാലയായ യുസിഎസ്ഐ യൂണിവേഴ്സിറ്റിയുമായി ജെംസ് സഹകരിക്കുന്നുണ്ട്. ഇത്തരം അന്താരാഷ്ട്ര കൂട്ടായ്മ കോളേജിലെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.