നെല്ലിക്കുത്ത് വനംസ്റ്റേഷന് സമീപം ആയുധ ധാരികള്‍ നടന്നുപോയെന്ന വാർത്ത; പരിഭ്രാന്തിയിലായി ജനം
1545298
Friday, April 25, 2025 5:43 AM IST
എടക്കര: വഴിക്കടവ് നെല്ലിക്കുത്ത് വനംസ്റ്റേഷന് സമീപത്തുകൂടി ആയുധ ധാരികള്‍ നടന്നുപോയെന്ന വിവരം പ്രദേശവാസികളെയും വനം ഉദ്യോഗസ്ഥരെയും പരിഭ്രാന്തിയിലാഴ്ത്തി. അഞ്ച് പേരടങ്ങുന്ന ആയുധ ധാരികള്‍ വനംസ്റ്റേഷന് അടുത്തുള്ള ആനമറി ഫുട്ബോള്‍ മൈതാനത്തിന് സമീപത്തുകൂടി പോയതായി ഇവിടെ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് വിവരം നല്‍കിയത്. ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം.
മൂന്ന് പുരുഷന്മാരും രണ്ട് സത്രീകളുമടങ്ങുന്ന ആയുധ ധാരികളാണ് ഇതുവഴി നടന്നുപോയത്. മാവോയിസ്റ്റുകളാകാമെന്ന ധാരണയില്‍ കുട്ടികള്‍ നെല്ലിക്കുത്ത് വനംസ്റ്റേഷനിലെത്തി വിവരം നല്‍കുകയായിരുന്നു. വനംസ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു.
തുടര്‍ന്ന് എസ്ഐയും രണ്ട് തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങളും നെല്ലിക്കുത്ത് വനം സ്റ്റേഷനിലെത്തി. ഇവര്‍ എത്തിയ ഉടനെ സിഐയുടെ ഫോണ്‍ കോള്‍ വരികയും കുട്ടികള്‍ കണ്ടത് സബ് ഇന്‍സ്പെക്ടര്‍ ട്രെയിനികളെയാണെന്ന് അറിയിക്കുകയുമായിരുന്നു. മാസത്തിലൊരിക്കല്‍ നടക്കുന്ന കോമ്പിംഗിന്റെ ഭാഗമായാണ് ട്രെയിനികള്‍ വനമേഖലയില്‍ക്കൂടി സഞ്ചരിച്ചത്.
മേഖലയില്‍ രണ്ട് വര്‍ഷം മുന്‍പുവരെ മാവോയിസ്റ്റ് സാന്നിധ്യം നിലനിന്നിരുന്ന വനമേഖലയാണിത്. ഇവിടെ നിന്നും കിലോമീറ്ററുകള്‍ ഉള്‍വനത്തില്‍ പടുക്ക വനമേഖലയിലെ വരയന്‍ മലയിലാണ് മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗം കുപ്പു ദേവരാജും ഇയാളെ പരിചരിച്ചിരുന്ന സംസ്ഥാന കമ്മിറ്റിയംഗം മാവോയിസ്റ്റ് അജിതയും 2016ല്‍ പോലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.