നാടുകാണിച്ചുരം വഴി ഊട്ടിയിലേക്കുള്ള യാത്ര; ഇ-പാസ് ഇനി മുതല്‍ അഞ്ചിടങ്ങളില്‍ മാത്രം
1545295
Friday, April 25, 2025 5:43 AM IST
എടക്കര: കേരളത്തില്‍നിന്ന് നാടുകാണിച്ചുരം വഴി ഊട്ടിയിലേക്കുള്ള യാത്രക്ക് ഏര്‍പ്പെടുത്തിയ ഇ- പാസ് ഇനി മുതല്‍ അഞ്ചിടങ്ങളില്‍ മാത്രം. മേലെ ഗൂഡല്ലൂര്‍, മേട്ടുപ്പാളയം, കൂനൂര്‍ റോഡില്‍ കല്ലാര്‍, മേട്ടുപ്പാളയം കോത്തഗിരി റോഡിലെ കുഞ്ചപ്പന, മസിനഗുഡി, കാരമടമഞ്ചൂര് റോഡിലെ ഗെദ്ദ എന എന്നിവിടങ്ങളിൽ മാത്രമാണ് ഇനി മുതല്‍ ഇ- പാസ് നിര്‍ബന്ധം.
ഇതോടെ നാടുകാണി, പാട്ടവയല്‍, താളൂര്‍, കക്കനഹള്ള എന്നിവിടങ്ങളിലെ ചെക്ക്പോസ്റ്റുകളിലെ യാത്രക്കാരുടെ തിരക്ക് ഒഴിവാകും.
തിരക്കേറിയ അവധിക്കാലത്ത് തമിഴ്നാടിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഇ-പാസ് നിര്‍ബന്ധമാക്കിയത് യാത്രക്കാര്‍ക്ക് ദുരിതമായി മാറിയത് സംബന്ധിച്ച് വഴിക്കടവ് ആനമറി സ്വദേശിയായ ഉമ്മര്‍ പാറക്കല്‍ നീലഗിരി ജില്ലാ കളക്ടര്‍ക്ക് ഇ-മെയില്‍ മുഖാന്തിരം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഊട്ടി ഭാഗത്തേക്ക് മാത്രം ഇ-പാസ് നിര്‍ബന്ധമാക്കി ചുരുക്കിയത്.