നാടുകാണിച്ചുരം പാതയില്‍ മരങ്ങളും മുളങ്കൂട്ടങ്ങളും നീക്കം ചെയ്യുന്നില്ലെന്ന്
1545305
Friday, April 25, 2025 5:48 AM IST
എടക്കര: നാടുകാണിച്ചുരം പാതയില്‍ കാറ്റില്‍ മറിഞ്ഞു വീഴുന്ന മരങ്ങളും മുളങ്കൂട്ടങ്ങളും നീക്കം ചെയ്യാന്‍ കരാറുകാര്‍ തയാറാകുന്നില്ലെന്ന് ആക്ഷേപം. മരങ്ങൾ നീക്കം ചെയ്യാത്തതിനാല്‍ ഗതാഗതകുരുക്ക് രൂക്ഷമാകുന്നു. ചുരം പാതയോരത്ത് നിലനില്ക്കുന്നതും കാറ്റിൽ പാതയിലേക്ക് മറിഞ്ഞ് വീഴുന്നതുമായ മരങ്ങളും മുളങ്കൂട്ടങ്ങളും മുറിച്ചുമാറ്റി ഗതാഗതം സുഗമമാക്കാന്‍ ഓരോ വര്‍ഷവും പൊതുമാരമത്ത് വകുപ്പ് കരാര്‍ നല്‍കാറുണ്ട്.
എന്നാല്‍ കാറ്റില്‍ മരങ്ങള്‍ നിലംപൊത്തുമ്പോള്‍ വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് വനംസ്റ്റേഷനിലെ ജീവനക്കാരും ട്രോമാ കെയര്‍ അംഗങ്ങളും ചേര്‍ന്ന് ഇവ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുകയാണ് പതിവ്.
കഴിഞ്ഞ വര്‍ഷം പാതയില്‍ പതിച്ച മുങ്കൂട്ടങ്ങളും ഇത്തവണ തേന്‍പാറയ്ക്ക് സമീപം പതിച്ചവയും നീക്കം ചെയ്യാന്‍ കരാറുകാര്‍ തയാറായിട്ടില്ല. നിത്യേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന അന്തര്‍ സംസ്ഥാന പാതയില്‍ നിരവധി വാഹന അപകടങ്ങളാണ് റോഡിലേക്ക് തള്ളി നില്ക്കുന്ന മരങ്ങളും മുങ്കൂട്ടങ്ങളും ഉണ്ടാക്കുന്നത്.