നിലന്പൂരിൽ രണ്ടിടങ്ങളിൽ വാഹനാപകടത്തിൽ നാല് പേർക്ക് പരിക്ക്
1538664
Tuesday, April 1, 2025 7:26 AM IST
നിലന്പൂർ: നിലന്പൂരിനടുത്ത് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. മന്പാട് തോട്ടിന്റക്കരെ നിയന്ത്രണംവിട്ട കാർ ബൈക്കിൽ ഇടിച്ച് ബൈക്കിൽ സഞ്ചരിച്ച മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.
മന്പാട് ഭാഗത്ത് നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും മന്പാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചശേഷം റോഡരികിലെ ഹോട്ടലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ഹോട്ടലിന്റെ ഗ്ലാസുകൾ തകർന്നു. പെരുന്നാൾ ദിവസമായതിനാൽ ഹോട്ടൽ തുറക്കാത്തതിനാൽ വൻ അപകടം ഒഴിവായി.
മേപ്പാടത്ത് താമസിക്കുന്ന ജംഷീദ്, ഇദ്ദേഹത്തിന്റെ മകൾ, മകളുടെ കൂട്ടുകാരി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിലേക്കും കൊണ്ടുപോയി. കാറിന്റെ മുൻഭാഗവും ബൈക്ക് പൂർണമായും തകർന്ന നിലയിലാണ്.
മന്പാട് പുളിക്കലോടിയിൽ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് 15 വയസുകാരനാണ് പരിക്കേറ്റത്. തെക്കുംപാടത്ത് നിന്ന് പുളിക്കലോടിയിലേക്ക് വരികയായിരുന്ന ബൈക്കും പുളിക്കലോടിയിൽ നിന്ന് തിരിച്ച് പോവുകയുമായിരുന്ന ഗുഡ്സ് ഓട്ടോയുമാണ് പുളിക്കലോടി ഇറക്കത്തിൽ വച്ച് അപകടത്തിൽപ്പെട്ടത്. ബൈക്കോടിച്ച 15 കാരന്റെ കാലിന്റെ തുടയെല്ലിനാണ് പരിക്കേറ്റത്. ഇയാളെ നിലന്പൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജാശുപത്രിയിലേക്ക് റഫർ ചെയ്തു.