അങ്ങാടിപ്പുറം പൂരാഘോഷം മൂന്ന് മുതൽ
1538652
Tuesday, April 1, 2025 7:25 AM IST
അങ്ങാടിപ്പുറം: പ്രസിദ്ധമായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പൂരാഘോഷം ഏപ്രിൽ മൂന്നിന് തുടക്കമാകും. 11 ദിവസം നീളുന്ന ആഘോഷം 13ന് സമാപിക്കും. മൂന്നിന് ആദ്യ ആറാട്ടെഴുന്നള്ളിപ്പാണ് പൂരം പുറപ്പാട്. പുറപ്പാട് ദിവസം കല്ലൂർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ പാഞ്ചാരിമേളം, പത്താം പൂരത്തിന് തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പാഞ്ചാരിമേളം, 10, 11 പൂരങ്ങളിൽ നല്ലേപ്പുള്ളി കുട്ടൻമാരാർ, ചോറ്റാനിക്കര സുഭാഷ് മാരാർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം ഉണ്ടാകും. രണ്ടാം പൂരമായ നാലിന് വൈകുന്നേരം 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
തിരുമാന്ധാംകുന്ന് ദേവസ്വം നൽകിവരുന്ന ഈ വർഷത്തെ മാന്ധാദ്രി പുരസ്കാരം നടൻ മനോജ് കെ. ജയന് സമ്മാനിക്കും. ക്ഷേത്രത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ച സി.വി. കേശവനെ ആദരിക്കും. ശുചിത്വ ചട്ടങ്ങളും ഹരിതചട്ടങ്ങളും പാലിച്ചാണ് പൂരം നടത്തുന്നതെ ന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം. വേണുഗോപാൽ, അസിസ്റ്റന്റ് മാനേജർ എ.എൻ. ശിവപ്രസാദ് എന്നിവർ അറിയിച്ചു.