നാടെങ്ങും ചെറിയ പെരുന്നാൾ ആഘോഷിച്ചു
1538658
Tuesday, April 1, 2025 7:25 AM IST
മലപ്പുറം: സഹനത്തിന്റെയും ആത്മസംസ്കരണത്തിന്റെയും വ്രതകാലത്തിന് വിരാമമായി മുസ്ലിം സമൂഹം ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഇന്നലെ രാവിലെ ജില്ലയിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലും നമസ്കാരത്തിന് ആയിരങ്ങളാണ് എത്തിയത്. അത്തർ പൂശി, പുതുവസ്ത്രങ്ങൾ ധരിച്ച് നമസ്കാരത്തിനെത്തിയ വിശ്വാസി സമൂഹം സൗഹൃദങ്ങൾ പുതുക്കിയും സന്തോഷം പങ്കിട്ടും ബന്ധങ്ങൾ ശക്തിപ്പെടുത്തി.വർധിച്ചുവരുന്ന ലഹരിക്കെതിരേ പ്രതിരോധം ശക്തമാക്കണമെന്ന ആഹ്വാനമാണ് ഇക്കുറി ആരാധാനാലയങ്ങളിൽ മുഴങ്ങികേട്ടത്.
പെരിന്തൽമണ്ണ: വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയും സൗഹാർദം തകർക്കുകയും ചെയ്യുന്ന മനസുകൾക്കിടയിൽ സ്നേഹത്തിന്റെയും കരുതലിന്റെയും ഇടങ്ങൾ സൃഷ്ടിക്കാൻ വിശ്വാസികൾക്കാകണമെന്ന് വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദീൻ സ്വലാഹി പറഞ്ഞു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഈദ്ഗാഹിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലഹരിക്കടിമയായവരെ ചേർത്തുപിടിച്ചു മാനസാന്തരമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കണമെന്നും ആവശ്യപ്പെട്ടു.
സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിന് വിശ്വാസികളാണ് ഈദ് ഗാഹിൽ പങ്കെടുത്തത്. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിച്ചു. ആനമങ്ങാട് ഫന്റാസ്റ്റിക് ഗ്രൗണ്ടിൽ അബ്ദുറഊഫ് സ്വലാഹി നേതൃത്വം നൽകി. ജെബി ലോണ്സ് ഗ്രൗണ്ടിൽമൂസ സ്വലാഹി, പുഴക്കാട്ടിരി ഫുട്ബോൾ ടർഫിൽ സഹൽ അൽ ഹികമി, കുരുവന്പലം എഎം എൽപി സ്കൂൾ ഗ്രൗണ്ടിൽ ഹാഫിള് ശാക്കിർ സ്വലാഹി എന്നിവർ പ്രാർഥനക്ക് നേതൃത്വം നൽകി.