മാലിന്യമുക്ത പഞ്ചായത്തിൽ മാലിന്യം തള്ളിയവരെ പിടികൂടി
1538660
Tuesday, April 1, 2025 7:25 AM IST
വണ്ടൂർ: മാലിന്യമുക്ത ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചതിന്റെ അഞ്ചാം നാൾ, മാലിന്യം തള്ളിയവരെ അധികൃതർ കൈയോടെ പിടികൂടി. മാലിന്യം തള്ളിയ സ്ഥാപനത്തിനെതിരേ കർശന നടപടിക്ക് ഒരുങ്ങുകയാണ് തിരുവാലി ഗ്രാമപഞ്ചായത്ത്. ചാക്ക് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പഞ്ചായത്തിലെ കോട്ടാല തോടിന്റെ വിവിധ ഭാഗങ്ങളിലായി തള്ളിയിട്ടുള്ളത്.
മാലിന്യം തള്ളിയവരെ നാട്ടുകാരുടെ സഹായത്തോടെയാണ് പഞ്ചായത്ത് കണ്ടെത്തിയത്. എടക്കര ഷീസ് പാലസ് എന്ന സ്ഥാപനത്തിലെ മാലിന്യങ്ങളാണ് തള്ളിയതായി കണ്ടെത്തിയിരിക്കുന്നത്. മാലിന്യം തള്ളിയ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനാവശ്യമായ നടപടികൾക്ക് മേൽ അധികൃതരെ സമീപിക്കാനാണ് പഞ്ചായത്ത് ഒരുങ്ങുന്നത്. പ്രസിഡന്റ് കെ. രാമൻകുട്ടി, സെക്രട്ടറി കെ. രാജീവ്, മെന്പർ പി. സബീർ ബാബു, ക്ലാർക്ക് എ.കെ. പ്രകാശ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.