വനമേഖലയിൽ മാലിന്യം നീക്കം ചെയ്ത് സിപിഎമ്മിന്റെ മാതൃകാ പ്രവർത്തനം
1538657
Tuesday, April 1, 2025 7:25 AM IST
നിലന്പൂർ: ചെറിയ പെരുന്നാൾദിനത്തിൽ വന മേഖലയിലെ മാലിന്യ കൂന്പാരം നീക്കം ചെയ്ത് സിപിഎമ്മിന്റെ മാതൃകാപ്രവർത്തനം. നിലന്പൂർ നായാടംപൊയിൽ മലയോര പാതയിൽ എരഞ്ഞിമങ്ങാടിനും കാഞ്ഞിരപ്പടിക്കും ഇടയിലുള്ള വനമേഖലയിലെ മാലിന്യങ്ങളാണ് സിപിഎം നിലന്പൂർ ഏരിയാ സെക്രട്ടറി കെ.മോഹനൻ, ചാലിയാർ ലോക്കൽ സെക്രട്ടറി എം. വിശ്വനാഥൻ, നിലന്പൂർ ബ്ലോക്ക് പഞ്ചായത്തംഗം സഹിൽ അകന്പാടം എന്നിവരുടെ നേതൃത്വത്തിൽ ശേഖരിച്ച് ശുചീകരണം നടത്തിയത്.
മദ്യകുപ്പികൾ, വർക്ക് ഷോപ്പുകളിലെ കരിഓയിൽ കന്നാസുകൾ ഉൾപ്പെടെ വലിയ തോതിലാണ് മാലിന്യങ്ങൾ ഈ ഭാഗങ്ങളിൽ റോഡിനോട് ചേർന്ന് തള്ളിയിട്ടുള്ളത്. അന്പതിലേറെ ചാക്കുകളിലായാണ് മാലിന്യങ്ങൾ ശേഖരിച്ചത്. ഇത് ഹരിത കർമ സേനക്ക് കൈമാറും. വനംവകുപ്പ് ഓഫീസിന് സമീപമാണ് ഈ വനമേഖല. ഇവിടെ നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകൾ കണ്ണടച്ചിട്ട് വർഷങ്ങളായി. കോഴിപ്പാറ-ആഢ്യൻപാറ മേഖലകളിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ, മദ്യപൻമാർ, സാമൂഹിക വിരുദ്ധർ ഉൾപ്പെടെ പലരും ഇവിടെ മാലിന്യം തള്ളുന്നു.വനംവകുപ്പും പോലീസും ഈ മേഖലയിൽ രാത്രികാല പട്രോളിംഗ് ഏർപ്പെടുത്തണമെന്നും പകൽ സമയങ്ങളിൽ നീരീക്ഷണം നടത്തുന്നത് പ്രയോജനകരമാകുമെന്നും സിപിഎം ഏരിയാ സെക്രട്ടറി കെ.മോഹനൻ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ചേർന്ന് കാമറകൾ പ്രവർത്തന സജ്ജമാക്കാൻ നടപടി സ്വീകരിക്കണം. പഞ്ചായത്തിലെ 14 വാർഡുകളിലും സംസ്ഥാന സർക്കാരിന്റെ നിർദേശമനുസരിച്ച് മാലിന്യം നീക്കം ചെയ്യൽ പൂർത്തിയാക്കിയിട്ടുണ്ടെന്നും എന്നാൽ വനമേഖലയിൽ വ്യാപകമായി മാലിന്യം കെട്ടി കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലാണ് ചാലിയാർ പഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ പെരുന്നാൾ ദിനത്തിൽ മേഖലയിലെ മാലിന്യങ്ങൾ ശേഖരിക്കുന്നതെന്നും മോഹനൻ പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വിശ്വനാഥൻ, എ.ഷെരീഫ്, പി.കെ. ഹുസൈൻ, കുഞ്ഞിപ്പ അകന്പാടം, അസ്ക്കർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. മാലിന്യങ്ങൾ പൊതുയിടങ്ങളിൽ തള്ളുന്നവർക്കെതിരേ കർശന നടപടി സീകരിക്കുമെന്നും വലിയ തുക പിഴയായി ഈടാക്കുമെന്നും ചാലിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനീഷ് പറഞ്ഞു.