വേരുംപുലാക്കൽ ഗ്രാമത്തിന് കളിക്കളമൊരുങ്ങുന്നു
1538663
Tuesday, April 1, 2025 7:26 AM IST
മങ്കട: കാൽപന്തുകളിയെ ജീവനു തുല്യം സ്നേഹിക്കുന്ന മങ്കട ഗ്രാമപഞ്ചായത്തിലെ വേരുംപുലാക്കലിൽ ഏറെ നാളത്തെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. മങ്കട ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തിന്റെ 30 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി ആറ് ലക്ഷത്തിലധികം രൂപയും വകയിരുത്തി 96 സെന്റ് സ്ഥലം മങ്കട ഗ്രാമ പഞ്ചായത്തിലേക്ക് രജിസ്റ്റർ ചെയ്തു.
കളിസ്ഥലം ഒരുക്കുന്നതിലേക്കായി നാട്ടുകാർ ജനകീയ ഫണ്ട് സമാഹരണം നടത്തിയതും മാതൃകയായി. മങ്കടയിലും പരിസര പ്രദേശങ്ങളിലും നടന്നിരുന്ന ഫുട്ബോൾ ടൂർണമെന്റുകളിൽ വേരുംപുലാക്കൽ ഫുട്ബോൾ ടീം എപ്പോഴും ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാൽ സ്വന്തമായി ഒരു കളിസ്ഥലം ഇല്ലാത്തത് അപര്യാപ്തതയായിരുന്നു.
ആദ്യകാലങ്ങളിൽ ഗ്രീൻ ലാന്റ് ക്ലബ്, ടൗണ്‍ ടീം വേരുംപുലാക്കൽ, വിഎഫ്സി വഴിക്കടവ്, എമറാൾഡ് ക്ലബുകൾ ഈ ഫുട്ബോൾ ഗ്രാമത്തിൽ കാൽപന്തുകളിയിൽ ശക്തമായി നിലകൊണ്ടിരുന്നു. പുതിയ തലമുറയിൽ ടൗണ്‍ ടീം വേരുംപുലാക്കൽ, വെറൈറ്റി ക്ലബ് വേരുംപുലാക്കൽ, ന്യൂകാസിൽ വഴിക്കടവ് എന്നീ ക്ലബുകളിലൂടെ പ്രതിഭകൾ സാന്നിധ്യം അറിയിക്കുന്നു.
വാർഡ് മെന്പർ നുസ്റ കളത്തിങ്ങൽ ചെയർപേഴ്സണും സമദ് പനങ്ങാടൻ കണ്‍വീനറും സിദീഖ് വളഞ്ഞിപ്പുലാൻ ട്രഷററുമായി നൂറ് അംഗങ്ങളുള്ള വേരുംപുലാക്കൽ ഗ്രൗണ്ട് നിർമാണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജനകീയ ഫണ്ട് സമാഹരണത്തിലൂടെ ഗ്രൗണ്ട് കളിയോഗ്യമാക്കുന്നതിനാവശ്യമായ ഫണ്ട് കൂടി സമാഹരിച്ച് വേരുംപുലാക്കൽ സോക്കർ ഗ്രാമത്തിന് സമർപ്പിക്കാനൊരുങ്ങുകയാണ് കായിക പ്രേമികൾ. അഡ്വ. കെ. അസ്ഗറലിയുടെ നേതൃത്വത്തിലുള്ള മങ്കട പഞ്ചായത്ത് ഭരണസമിതിയുടെ പിന്തുണയും ഗ്രൗണ്ട് നിർമാണത്തിനുണ്ട്.