വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ നിലന്പൂർ മൈലാടിയിൽ കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു
1538885
Wednesday, April 2, 2025 5:43 AM IST
നിലന്പൂർ: മൈലാടിയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ചാലിയാർ പഞ്ചായത്തിലെ മൈലാടി, മണ്ണുപ്പാടം മേഖലകളിൽ കാട്ടാന ശല്യം തുടരുകയാണ്. ഇന്നലെ പുലർച്ചെ നാല് മണിയോടെ മൈലാടി തൈപറന്പിൽ ബിനുവിന്റെ കൃഷിയിടത്തിലാണ് കാട്ടാന വൻതോതിൽ കൃഷി നശിപ്പിച്ചത്. കാട്ടാനകളെ കാടുകയറ്റാനുള്ള വനംവകുപ്പിന്റെ ശ്രമം പരാജയപ്പെട്ടതോടെ ഇവയുടെ ശല്യം അതിരൂക്ഷമായിരിക്കുകയാണ്.
തെങ്ങ്, വാഴ, കമുക് കൃഷികളാണ് നശിപ്പിച്ചത്. ഒരു മാസം മുന്പും ബിനുവിന്റെ കൃഷിയിടത്തിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം പട്ടാപ്പകൽ പൊക്കോട് വനമേഖലയിൽ ഇറങ്ങിയ ഒറ്റയാനാണ് ഇപ്പോൾ മൈലാടി, മണ്ണുപ്പാടം നിവാസികളുടെ ഉറക്കം കെടുത്തുന്നത്.
ചാലിയാർ ഗ്രാമപഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്ന് കാട്ടാനകളെ കാടുകയറ്റാൻ തീരുമാനിച്ചിരുന്നെങ്കിലും വനപാലകർ നടത്തിയ തെരച്ചിലിൽ കാട്ടാനകളെ കാണാത്ത സാഹചര്യത്തിൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ഇതോടെ പഞ്ചായത്ത് അധികൃതരും മൗനത്തിലായി. മേഖലയിൽ രാവും പകലും കാട്ടാനകൾ ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യമാണുള്ളത്. മണ്ണുപ്പാടം അങ്ങാടിവരെ കാട്ടാനയെത്തി. രാത്രി എട്ട് മണിയായാൽ വീട്ടുമുറ്റങ്ങളിലേക്ക് കാട്ടാനകൾ എത്തുന്ന അവസ്ഥയാണ്. വനംവകുപ്പ് ആകട്ടെ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നില്ല.