ആനമങ്ങാട് പൂരത്തിനിടെ പോലീസിനെ അക്രമിച്ച കേസ്; ഒരു പ്രതി കൂടി അറസ്റ്റിൽ
1538888
Wednesday, April 2, 2025 5:43 AM IST
പെരിന്തൽമണ്ണ: ആനമങ്ങാട് കുന്നിൻമേൽ ഭഗവതി ക്ഷേത്രോത്സവത്തിൽ പോലീസിനെ സംഘം ചേർന്ന് അക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആനമങ്ങാട് താണിക്കപറന്പിൽ ശ്രീജിത്തി (28)നെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 24നാണ് കേസിനാസ്പദമായ സംഭവം. ഉത്സവത്തിന് വരവുകൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. സംഘർഷം പരിഹരിക്കാൻ പോലീസ് ശ്രമിക്കുന്നതിനിടെ ആനമങ്ങാട് ടൗണ്‍ വേലയുടെ ആളുകൾ സംഘം ചേർന്ന് കല്ലും വടിയുമായി പോലീസിനെ അക്രമിക്കുകയായിരുന്നു. സംഭവശേഷം ശ്രീജിത്ത് ഒളിവിൽ പോയി. തുടർന്ന് പെരിന്തൽമണ്ണ ഇൻസ്പെക്ടർ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ശ്രീജിത്തിനെ പിടികൂടിയത്. പാലക്കാട് ജില്ലയിലെ പട്ടാന്പിയിൽ ഒളിവിൽ താമസിക്കുകയായിരുന്നു ശ്രീജിത്ത്.
ഈ കേസിൽ ഏഴ് പേരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കണ്ടാൽ അറിയാവുന്ന അന്‍പതോളം പേർക്കെതിരേയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്നും പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരൻ അറിയിച്ചു. എസ്ഐമാരായ ഷിജോ സി. തങ്കച്ചൻ, ഷാഹുൽ ഹമീദ്, നിതിൻ, എഎസ്ഐ അബ്ദുൾ സലാം, സിപിഒ ജയേഷ് കാഞ്ഞിരം, പ്രശാന്ത് മഞ്ചേരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.