ക്ഷേത്രത്തിൽ മോഷണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ
1538655
Tuesday, April 1, 2025 7:25 AM IST
പാണ്ടിക്കാട്: പെരുവക്കാട് കീഴ്തൃക്കോവിൽ ശിവക്ഷേത്രത്തിൽ മോഷണം നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടാന്പി തിരുവേഗപ്പുര സ്വദേശി പുത്തൻപുരയിൽ ഹാഷിം സേട്ട്(51), കൽപ്പകഞ്ചേരി പൊൻമുണ്ടം സ്വദേശി പാലക്കാപ്പറന്പിൽ ജബ്ബാർ (34) എന്നിവരെയാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുവക്കാട് കീഴ്തൃക്കോവിൽ ശിവക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ മോഷ്ടിക്കുകയും ഒരു ഭണ്ഡാരം തകർക്കുകയും ഓട്ടുവിളക്കുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ മോഷ്ടിച്ചെന്നുമാണ് കേസ്. ക്ഷേത്രം കമ്മിറ്റി നൽകിയ പരാതിയിൽ പാണ്ടിക്കാട് പോലീസ് നടത്തിയ അന്വേഷണത്തിൽ കാളികാവിൽ നിന്നാണ് ഹാഷിം സേട്ട് പിടിയിലായത്. ജബ്ബാറിനെ കൽപ്പകഞ്ചേരിയിൽ നിന്നുമാണ് പിടികൂടിയത്.
പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയതിൽ മോഷ്ടിക്കപ്പെട്ട രണ്ട് ഭണ്ഡാരങ്ങൾ ക്ഷേത്രക്കുളത്ത് നിന്ന് പോലീസ് കണ്ടെത്തി. ഇരുവരും ജില്ലയ്ക്കകത്തും പുറത്തുമുള്ള നിരവധി മോഷണ കേസുകളിൽ പ്രതിയായിട്ടുള്ള ആളുകളാണെന്ന് പോലീസ് പറഞ്ഞു.
സ്റ്റേഷൻ ഹൗസ് ഓഫീസർ സി. പ്രകാശൻ, എസ്ഐ എസ്. രമേശ്, ഉദ്യോഗസ്ഥരായ വി.എൻ.ശശികുമാർ, വിജയൻ, സജീർ, മധു, ധന്യേഷ് എന്നിവടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.