സഹപാഠിക്ക് പെരുന്നാൾ സമ്മാനം നൽകി എൻഎസ്എസ് ടീം
1538653
Tuesday, April 1, 2025 7:25 AM IST
താഴെക്കോട്: താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ഉപജീവനം പദ്ധതിയുടെ ഭാഗമായി സഹപാഠിക്ക് പെരുന്നാൾ സമ്മാനം നൽകി. സാന്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ജീവിതമാർഗം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എൻഎസ്എസ് യൂണിറ്റ് തലത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് "ഉപജീവനം’.
പദ്ധതിയുടെ ഭാഗമായി താഴെക്കോട് ഗ്രാമപഞ്ചായത്തിലെ മാരാന്പാറ്റക്കുന്ന് വാർഡിലെ സഹപാഠിക്കാണ് ആടിനെയും കുഞ്ഞിനെയും പെരുന്നാൾ സമ്മാനമായി എൻഎസ്എസ് വോളണ്ടിയർമാർ നൽകിയത്. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി.പി. അൻവർ ആടുകൾ വോളണ്ടിയർ ലീഡർമാർക്ക് കൈമാറി. എൻഎസ്എസ് വോളണ്ടിയർ ലീഡർമാരായ പി. മുഹമ്മദ് സാലിം, ആയിഷ ഹമീദ്, കെ. ഷമ്മ, വോളണ്ടിയർമാരായ അൽസാബിത്, എം. മുഹമ്മദ് ഫുഹാദ്, എ. സുഹാന, എം.ടി. ഫാത്തിമ ഫിദ, ടി. ഫിദ ഫർവി എന്നിവർ നേതൃത്വം നൽകി.