കോഴിപ്പാറ ജല ടൂറിസം കേന്ദ്രത്തിൽ വിനോദ സഞ്ചാരികളുടെ തിരക്ക്
1538894
Wednesday, April 2, 2025 5:43 AM IST
നിലന്പൂർ: ചെറിയ പെരുന്നാൾ ആഘോഷത്തിൽ വിനോദ സഞ്ചാരികളെകൊണ്ട് നിറഞ്ഞ് കോഴിപ്പാറ ജല ടൂറിസം കേന്ദ്രം. കടുത്ത വേനൽ ചൂടിന് ആശ്വാസം തേടിയാണ് സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലുള്ള കോഴിപ്പാറ വെള്ളച്ചാട്ടം കാണാനും കുറുവൻപുഴയുടെ കോഴിപ്പാറ കടവിൽ ഒന്ന് മുങ്ങി കുളിക്കാനുമായി കോഴിക്കോട് - മലപ്പുറം ജില്ലകളിൽ നിന്നായി ചെറിയ പെരുന്നാൾ ദിനത്തിലും ഇന്നലെയുമായി നിരവധി പേർ എത്തിയത്.
കോഴിക്കോട് ജില്ലയിൽ നിന്നുമുള്ളവർ കൂന്പാറ കക്കാടംപൊയിൽ വഴിയും മലപ്പുറം ജില്ലയിൽ നിന്നുള്ളവർ അകന്പാടം വെണ്ടേക്കുംപൊയിൽ വഴിയുമാണ് മലയോര പാതകളിലൂടെ കോഴിപ്പാറയിലേക്ക് എത്തിയത്. കുടുംബ സമേതമാണ് കൂടുതൽ പേരും എത്തിയത്. മലപ്പുറം ജില്ലയിലെ രണ്ട് ജലടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് കോഴിപ്പാറ ജല ടൂറിസം കേന്ദ്രം.
പന്തീരായിരം ഉൾവനത്തിലെ വെള്ളരിമലയിൽ നിന്ന് ഉത്ഭവിച്ച് കിലോമീറ്ററുകൾ വനത്തിനുള്ളിലെ പാറക്കെട്ടുകളിലൂടെ ഒഴുകിയെത്തുന്ന കോഴിപ്പാറ ഭാഗത്തെ വെള്ളത്തിന്റെ തണുപ്പിൽ കുളിക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്തുന്നത് തന്നെ കുളിച്ച് ക്ഷീണം മാറ്റി മടങ്ങാനാണ്. വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് കോഴിപ്പാറ വെള്ളച്ചാട്ടം.