ഹണി ട്രാപ്പിൽ പണം തട്ടിയ മൂന്ന് പേർ പിടിയിൽ
1536400
Tuesday, March 25, 2025 8:23 AM IST
മഞ്ചേരി: യുവാവിനെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയെടുത്തുവെന്ന പരാതിയിൽ മൂന്നു പേരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വിളയിൽ മുണ്ടംപറന്പ് കാനാത്ത് കുണ്ടിൽ മുഹമ്മദ് ഇർഫാൻ (24), ചെമ്രക്കാട്ടൂർ കുന്നത്ത് സഹദ് ബിനു (24), അരീക്കോട് ചെമ്രക്കാട്ടൂർ മാതക്കോട് മണ്ണാളിപ്പറന്പിൽ ഹിദാശ് അലി (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 20ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ആശുപത്രിയിലെ മുറിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന പരാതിക്കാരനെ കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് ഇർഫാൻ ഫോണിൽ വിളിക്കുകയും കാണാൻ താത്പര്യമുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വൈകീട്ട് നാലരമണിയോടെ മുഹമ്മദ് ഇർഫാൻ റൂമിലെത്തുകയും വാതിൽ അടക്കുകയും ചെയ്തു. ഈ സമയം പുറത്തു നിന്ന് അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം പരാതിക്കാരനെ മർദിക്കുകയും പരാതിക്കാരന്റെയും ഒന്നാം പ്രതിയുടെയും നഗ്ന ചിത്രങ്ങളും വീഡിയോകളും ഫോണിൽ പകർത്തി. ഈ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ പരാതിക്കാരനിൽ നിന്ന് 3000 രൂപ കവർന്നെടുത്തു.
കേസിലെ ഒന്ന്, രണ്ട് പ്രതികളായ മുഹമ്മദ് ഇർഫാനെയും സഹദ് ബിനുവിനെയും സമാനമായ മറ്റൊരു കേസിൽ അരീക്കോട് പോലീസ് ഇക്കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിൽ കഴിയുന്ന ഇവരെ ജയിലിലെത്തിയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയായ ഹിദാശ് അലിയെ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ അരീക്കോട്, കൊണ്ടോട്ടി, മങ്കട പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുണ്ട്. കേസിൽ ഇനി ഒരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
മഞ്ചേരി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ഡോ. എം. നന്ദഗോപന്റെ നേതൃത്വത്തിൽ എസ്ഐ കെ.ആർ. ജസ്റ്റിൻ, എസ്ഐ സത്യപ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, തസ്ലീം എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.