പാത്തിപ്പാറ-മുതിരി ഭാഗങ്ങളിൽ ശുചിമുറി മാലിന്യങ്ങൾ തള്ളുന്നു
1536397
Tuesday, March 25, 2025 8:23 AM IST
നിലന്പൂർ: നഗരസഭയുടെ പാത്തിപ്പാറ-മുതിരി ഭാഗങ്ങളിൽ സാമൂഹിക വിരുദ്ധർ ശുചിമുറി മാലിന്യങ്ങൾ തള്ളുന്നു. ഈ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ സ്ഥാപിച്ചിട്ടുള്ള സിസിടിവികൾ പ്രവർത്തിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
\
ഇതുസംബന്ധിച്ച് തൃണമൂൽ കോണ്ഗ്രസ് നിലന്പൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഷാജഹാൻ പാത്തിപ്പാറയുടെ നേതൃത്വത്തിൽ നഗരസഭാധികൃതർക്ക് പരാതി നൽകി. നിലന്പൂർ പോലീസിലും പരാതി നൽകിയിട്ടുണ്ട്. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറുടെ മുറിയിൽ സ്ഥാപിച്ചിട്ടുള്ള കണ്ട്രോൾ യൂണിറ്റിൽ ഈ ഭാഗത്തെ സിസിടിവികൾ പ്രവർത്തനരഹിതമെന്നാണ് കാണിക്കുന്നതെന്നും ഇവർ പറഞ്ഞു.
പാത്തിപ്പാറ- മുതിരി ഭാഗങ്ങൾ സാമൂഹികവിരുദ്ധർക്ക് ഏതു സമയവും ശുചിമുറി മാലിന്യം ഉൾപ്പെടെ തള്ളാവുന്ന അവസ്ഥയിലാണെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ പ്രധാന ജലസ്രോതസായ കരിന്പുഴയുടെ തീരങ്ങൾ ഉൾപ്പെടെയാണ് ശുചിമുറി മാലിന്യങ്ങൾ വ്യാപകമായി തള്ളിയിട്ടുള്ളത്. മുസമ്മിൽ ഷെഫീഖ്, മൂർക്കൻ നിയാസ്, മുനീർ പാത്തിപാറ എന്നിവരും പരാതി നൽകാൻ ഉണ്ടായിരുന്നു.