നിലന്പൂർ-നായാടംപൊയിൽ മലയോര ഹൈവേ യാഥാർഥ്യമാകുന്നു
1536399
Tuesday, March 25, 2025 8:23 AM IST
നിലന്പൂർ: സാങ്കേതിക തടസങ്ങൾ നീങ്ങി. നിലന്പൂർ-നായാടംപൊയിൽ മലയോര ഹൈവേ യാഥാർഥ്യത്തിലേക്ക്. ഏപ്രിൽ അഞ്ചിനകം ടെൻഡർ പൂർത്തിയാക്കും. നിലന്പൂർ മൈലാടിപാലം മുതൽ നായാടംപൊയിൽ വരെയുള്ള നിലന്പൂർ മലയോര പാതയാണ് ഹൈവേയായി മാറുക.
മൈലാടി മുതൽ മൂലേപ്പാടം വരെയുള്ള ഒന്പത് കിലോമീറ്റർ ഭാഗം ഒരു റീച്ചും മൂലേപ്പാടം മുതൽ നായാടംപൊയിൽ വരെയുള്ള 15 കിലോമീറ്റർ മറ്റൊരു റീച്ചുമാണ്. രണ്ട് റീച്ചുകൾക്കുമായി കീഫ്ബി 120 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. രണ്ട് റീച്ചുകളുടെയും ടെൻഡർ നടപടികൾ ഏപ്രിൽ അഞ്ചിന് മുന്പ്് പൂർത്തീകരിക്കും. പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണത്തിന്റെ മേൽനോട്ടം.
മലപ്പുറം-കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ മലയോര ഹൈവേയുടെ ഗുണം പ്രധാനമായും ലഭിക്കുക ചാലിയാർ - ഉൗർങ്ങാട്ടിരി പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ജനങ്ങൾക്കാണ്. നിലവിൽ മൈലാടിപാലം വരെയും കക്കാടംപൊയിൽ വരെയും മലയോര ഹൈവേയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. നിലന്പൂർ നായാടംപൊയിൽ മലയോര ഹൈവേ നിർമാണം പൂർത്തിയായാൽ കോഴിക്കോട്ട് നിന്ന് നിലന്പൂർ വഴി തിരുവനന്തപുരത്തേക്കുള്ള എളുപ്പമാർഗമായും മാറും. റോഡിന് ആവശ്യമായ സ്ഥലം രണ്ട് വർഷം മുന്പ് തന്നെ വിട്ടുകൊടുത്തിട്ടുണ്ട്.
1970 മുതൽ കുടിയേറിയ മലയോര കർഷകരുടെയും 33 ലേറെ ഗോത്ര ഉൗരുകളിലെ ആദിവാസി കുടുംബങ്ങളുടെയും ദീർഘകാല സ്വപ്നമായ മലയോര ഹൈവേക്കാണ് ടെൻഡർ നടപടിയായത്.