മലപ്പുറം ലഹരി മുക്തമാക്കാൻ നൂറ് ദിന കർമപദ്ധതിയുമായി ജില്ലാപഞ്ചായത്ത്
1536398
Tuesday, March 25, 2025 8:23 AM IST
മലപ്പുറം: മാരക ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിന് നൂറ് ദിന കർമ പദ്ധതിയുമായി മലപ്പുറം ജില്ലാപഞ്ചായത്ത്. ഇതിന്റെ ഭാഗമായി ഏപ്രിൽ 15 മുതൽ പ്രചാരണ പരിപാടികൾ ആരംഭിക്കും. പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ, അധ്യാപകർ, മറ്റ് വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, മത, സാമൂഹിക, സന്നദ്ധ സംഘടനാ പ്രതിനിധികൾ, വിദ്യാർഥി സംഘടനാ പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് ജില്ലാപഞ്ചായത്ത് കോണ്ഫറൻസ് ഹാളിൽ നടത്തിയ യോഗത്തിലാണ് തീരുമാനം.
"ലഹരിമുക്ത മലപ്പുറം’ എന്ന ലക്ഷ്യവുമായി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ചുള്ള കാന്പയിൻ ശക്തമാക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. ജില്ലയിൽ നിന്ന് ലഹരിയെ പൂർണമായും തുടച്ചുനീക്കും. വിദ്യാഭ്യാസ രംഗത്ത് ഉൾപ്പെടെ വിവിധ പദ്ധതികൾ നടപ്പാക്കി വിജയിപ്പിച്ച ജില്ലാ പഞ്ചായത്തിന്റെ മുൻകാല അനുഭവം ഇവിടെ മാതൃകയാക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.
ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി കുട്ടികളിലെ സർഗാത്മകതയുടെ പ്രകാശനങ്ങൾക്ക് വഴിയൊരുക്കണമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ. ജയരാജ് പറഞ്ഞു. ഇതിന്റെ ഭാഗമായി ജില്ലയിൽ വിദ്യാർഥികളുടെ ബിനാലെ സംഘടിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ലഹരിക്കെതിരേ ജില്ലാപഞ്ചായത്തും ജില്ലാഭരണകൂടവും നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് യോഗത്തിൽ പങ്കെടുത്ത സംഘടനാ പ്രതിനിധികൾ അറിയിച്ചു. ലഹരിയുടെ ഉപയോഗം മൂലമുണ്ടാകുന്ന വിപത്തുകളെക്കുറിച്ചുള്ള നേരനുഭവങ്ങൾ അധ്യാപകരും വിദ്യാർഥി സംഘടനാപ്രതിനിധികളും യോഗത്തിൽ വിവരിച്ചു.
യോഗത്തിൽ പങ്കെടുത്ത വിദഗ്ധരുടെയും സംഘടനാ പ്രതിനിധികളുടെയും നിർദേശങ്ങൾ ഉൾകൊണ്ട് ജില്ലാപഞ്ചായത്ത് വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്യും. വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗങ്ങളായ എൻ.എ. കരീം, നസീബ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.