കരുളായി കരിമ്പുഴ ഭാഗത്ത് ഒറ്റക്കൊമ്പന്റെ വിളയാട്ടം; ഭീതിയൊഴിയാതെ ജനങ്ങള്‍
1497177
Tuesday, January 21, 2025 7:46 AM IST
നിലമ്പൂര്‍: കരുളായി കരിമ്പുഴ ഭാഗത്ത് ഒറ്റക്കൊമ്പന്റെ വിളയാട്ടം. ജനങ്ങള്‍ ഭീതിയില്‍. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ട്പേര് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കരുളായി മേഖലയിലാണ് കൊമ്പന് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെയും പതിവുപോലെ കൊമ്പനെത്തി.
ഇരുട്ട് വീഴുന്നതോടെ കരുളായി വനത്തില്‍ നിന്നിറങ്ങുന്ന കൊമ്പന് ജനവാസ കേന്ദ്രത്തിലെ കൃഷിയിടത്തിലൂടെയാണ് സഞ്ചരിക്കുന്നത്. റോഡില്‍ ആളൊഴിയും മുമ്പെത്തുന്ന ഒറ്റക്കൊമ്പന് നാട്ടിലിറങ്ങുന്നതാണ് ജനങ്ങളുടെ ജീവന് ഭീഷണിയായിരിക്കുന്നത്. ഈ സമയം റോഡിലൂടെ പോകുന്ന കാല്‍നട യാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ആനയ്ക്ക് മുന്നില്‍ അകപ്പെടുന്നത് നിത്യസംഭവമാകുകയാണ്.
കല്ലാംതോട്മുക്കില് നിന്ന് കരിമ്പുഴ മധ്യത്തില്‍ വളര്‍ന്ന കാട്ടിലേക്കിറങ്ങുന്ന ആന കരുളായി, മൂത്തേടം പഞ്ചായത്ത് പരിധിയിലെ താഴെപാലാങ്കര, ഒഴലക്കല്‍ ഭാഗങ്ങളിലേക്കാണെത്തുന്നത്. കൃഷിടത്തിലൂടെ വിളകള്‍ ഭക്ഷിച്ച് നടക്കുന്ന ആന നേരം പുലര്‍ന്നാണ് കാട്ടിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ ദിവസം ഒഴലക്കല്‍ ചെറുപാലത്തിന് സമീപത്ത് സ്കൂട്ടറിന് മുന്നില്‍ ചാടിയ ആന സ്കൂട്ടര്‍ തകര്‍ത്തു. സ്കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.
പുഴയില്‍ വൈകുന്നേരങ്ങളില്‍ കുളിക്കാന്‍ ഇറങ്ങുന്നവരും രാവിലെ നടക്കന്‍ ഇറങ്ങുന്നവരുമെല്ലാം ആനയ്ക്ക് മുന്നില്‍ ഈയിടയായി അകപ്പെടുന്നുണ്ട്. ആളുകള്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്.
മാസങ്ങളായി ഒരേ ആന തന്നെയാണ് പ്രദേശത്തിറങ്ങി ഭീതി പരത്തുന്നത്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന മേഖലയിലൂടെ സഞ്ചരിക്കുന്ന അക്രമകാരിയായ ആനയ്ക്ക് മുന്നില്‍ അകപ്പെട്ടാല്‍ എപ്പോഴും രക്ഷപ്പെടണമെന്നില്ല. വാഹനയാത്രക്കാരുടെയും കാല്‍നട യാത്രക്കാരുടെയും ജീവന് ഭീഷണിയായ ഈ കൊമ്പനെ ഉള്‍ക്കാട്ടിലേക്ക് കയറ്റിവിടണമെന്നും പുഴമധ്യത്തില്‍ വളര്‍ന്ന കാടുകള്‍ വെട്ടിമാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.