നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: സിപിഎം മുന്നൊരുക്കം തുടങ്ങി
1497176
Tuesday, January 21, 2025 7:46 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം മുന്നൊരുക്കം തുടങ്ങി. പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ സാന്നിധ്യത്തില്‍ കുഞ്ഞാലി മന്ദിരത്തില്‍ സിപിഎം നിലമ്പൂര്‍ മണ്ഡലത്തിലെ നേതാക്കളുടെ യോഗം ചേര്‍ന്നു. പി.വി. അന്‍വര്‍, എംഎല്‍എ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന ലക്ഷ്യവുമായാണ് സിപിഎം നീക്കം ആരംഭിച്ചിരിക്കുന്നത്.
നിലമ്പൂര്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളില്‍ നിന്നും നിലമ്പൂര്‍ നഗരസഭയില്‍ നിന്നുമുള്ള മണ്ഡലം നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. എ.വിജയരാഘവനു പുറമെ സിപിഎം ജില്ലാ സെക്രട്ടറി വി.പി.അനില്‍, മുന്‍ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ. സൈനബ പി.ശ്രീരാമകൃഷ്ണന്, ജില്ലാ കമ്മിറ്റി അംഗം ഇ.പത്മാക്ഷന്, ഏരിയാ സെക്രട്ടറിമാരായ കെ. മോഹന്‍, ടി.രവീന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
ഓരോ പഞ്ചായത്തിലെയും നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി. എല്‍ഡിഎഫ് വോട്ടുകള്‍ ഉറപ്പിക്കുന്നതിനൊപ്പം യുഡിഎഫ് ചേരിയിലുണ്ടാകുന്ന വിള്ളല്‍ മുതലെടുക്കാനും യോഗത്തില്‍ തീരുമാനിച്ചു.
മണ്ഡലത്തില്‍ പൊതുസ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്ത്തിയാലുള്ള വിജയ സാധ്യതയും നേതാക്കള്‍ വിലയിരുത്തി. എ.വിജയരാഘവന്, പി.ശ്രീരാമകൃഷ്ണന് എന്നിവരുടെ സജീവ സാന്നിധ്യം മണ്ഡലത്തിലുണ്ടാകും. നിലമ്പൂര്‍ മണ്ഡലത്തില്‍ പി.വി. അന്‍വറിന്റെ വിട്ടുപോകല്‍ പാര്‍ട്ടിക്ക് കാര്യമായ ക്ഷതം ഏല്‍പ്പിച്ചിട്ടില്ലെന്നാണ് യോഗത്തില്‍ വിലയിരുത്തിയത്.
പി.വി. അന്‍വര്‍ യുഡിഎഫ് ചേരിയില്‍ എത്തിയാല്‍ യുഡിഎഫില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് ഉണ്ടാകുമെന്നും അത് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ കരുതുന്നു. ഏതു സമയത്തും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും നേരിടാനുള്ള മുന്നൊരുക്കമാണ് സിപിഎം നടത്തുന്നത്.