പി. ഉണ്ണിമാൻ സ്മാരക എൻഡോവ്മെന്റ് പുഴക്കൽ മുസ്തഫക്ക്
1496836
Monday, January 20, 2025 5:59 AM IST
കരുവാരകുണ്ട്: പി. ഉണ്ണിമാൻ സ്മാരക എൻഡോവ്മെന്റിന് പുഴക്കൽ മുസ്തഫ അർഹനായി. തുടക്ക കാലത്ത് തോട്ടം തൊഴിലാളിയായിരുന്ന മുസ്തഫ തൊഴിൽ പ്രശ്നങ്ങൾ ഏറ്റെടുക്കാനും തോട്ടം ഉടമകളുമായി വിഷയം ചർച്ച ചെയ്യാനും അവകാശങ്ങൾക്കായി തൊഴിൽ സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത വ്യക്തിത്വമായിരുന്നു.
കോൺഗ്രസ് പ്രവർത്തകനായ ഇദ്ദേഹം കരുവാരകുണ്ടിൽ ഐഎൻടിയുസിക്ക് അടിത്തറയിട്ടവരിൽ പ്രധാനിയാണ്.1995 ൽ കേരള എസ്റ്റേറ്റിൽ നിന്ന് പഞ്ചായത്ത് ബോർഡിലെത്തി. ആ വർഷം തന്നെ വൈസ് പ്രസിഡന്റുമായി. തുടർന്ന് കരുവാരകുണ്ട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡിൽ വൈസ് പ്രസിഡന്റുമായിട്ടുണ്ട്.
ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ട്രഷറർ, ഐഎൻടിയുസി മണ്ഡലം വൈസ് പ്രസിഡന്റ് പദവികളും വഹിച്ചു.
1980 കളിൽ ആതുര സേവന രംഗത്ത് ഒറ്റയാൾ പ്രസ്ഥാനമായി പ്രവർത്തിച്ച് നിരവധി രോഗികൾക്ക് താങ്ങും തണലുമേകി. 80കാരനായ മുസ്തഫയുടെ സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള അംഗീകാരം കൂടിയാണ് എൻഡോവ്മെന്റിന് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.