ടോറസ് ലോറികളെ നിയന്ത്രിക്കണം: കേരളാ കോണ്‍ഗ്രസ്-ബി
1497166
Tuesday, January 21, 2025 7:46 AM IST
മലപ്പുറം: നിരത്തുകളില്‍ ഓടുന്ന ടോറസ് ലോറികളില്‍ കയറ്റാവുന്ന ഭാരം 30 ടണ്‍ ആയിരിക്കെ ഇത്തരം ലോറികളില്‍ കരിങ്കല്ല്, മെറ്റല്‍, മണല്‍, മണ്ണ് തുടങ്ങിയ ക്വാറി ഉത്പന്നങ്ങള്‍ കയറ്റി 60 ടൺ അമിതഭാരവുമായി നിരത്തുകളില്‍ അമിത വേഗതയില്‍ ഓടുന്നത് നിയന്ത്രിക്കണമെന്ന് കേരള കോണ്‍ഗ്രസ്-ബി ജില്ലാ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ഇത്തരം ലോറികള്‍ ചെറുവാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാണ്. റോഡുകള്‍ ഇടിഞ്ഞ് താഴുന്നതിന് ഒരുപരിധി വരെ ടോറസ് ലോറികള്‍ നിരത്തുകളില്‍ ഓടുന്നത് മൂലമാണ്.
ഇതിനെതിരേ പോലീസ്, ആര്‍ടിഒ സംയുക്ത പരിശോധന വേണമെന്ന് മലപ്പുറത്ത് ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. ടോറസ് ലോറികള്‍ നിരത്തുകളില്‍ ഓടുന്നതിന് രാവിലെയും വൈകുന്നേരവും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പിടിക്കപ്പെട്ടാല്‍ നാമമാത്ര പിഴ ഈടാക്കി വിടുകയാണ് ചെയ്യുന്നതെന്ന് യോഗം ആരോപിച്ചു. അമിതഭാരം കണ്ടാല്‍ ഉടമയുടെ പേരില്‍ നിയമ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.പി. പീറ്റര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറികെ.എം. ജോസ്, വൈസ് പ്രസിഡന്റ് പി.ടി. ഉണ്ണിരാജ, ജില്ലാ ഭാരവാഹികളായ മുഹമ്മദ്റാഫി, ശശീന്ദ്രന് കോട്ടപ്പടി, നാസര്‍ കൊട്ടാരം, വി.കെ. ഷംസുദീന്‍, അനിഷ് മോന്, അനൂപ് വര്‍ഗീസ്, ജോസഫ് ചാണ്ടി, മനോജ് മഞ്ചേരി, ജമാല്‍ ഹാജി, തോമസ് മങ്കട, ഒ.കെ. അബ്ദു തുടങ്ങിയവര്‍ പ്രസംഗിച്ചു.