"ആനകളും ജനങ്ങളും തമ്മില്‍ സുരക്ഷിത അകലം വേണം'
1497175
Tuesday, January 21, 2025 7:46 AM IST
മലപ്പുറം: ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ ഇടയുന്നതുമൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാനായി നാട്ടാന പരിപാലന ചട്ടം ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് അധ്യക്ഷത വഹിച്ചു.
ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മില്‍ സുരക്ഷിത അകലമുണ്ടായിരിക്കണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് വരെ ജില്ലയിലെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മിലുള്ള അകലം സംബന്ധിച്ച് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ താത്ക്കാലിക തീരുമാനം നടപ്പാക്കും.
എഴുന്നള്ളിക്കുന്ന ആനകളുടെ മുന്നിലും പിന്നിലും അഞ്ചു മീറ്ററിലധികം അകലം ഉണ്ടാകണം. പിന്നില്‍ ചുമരോ മറ്റോ ഇല്ലാത്ത പക്ഷമാണ് ഈ അകലം വേണ്ടത്. അകലം ക്രമീകരിക്കാന്‍ ബാരിക്കേഡുകള്‍, വടം എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ ഉത്സവക്കമ്മിറ്റി ഒരുക്കണം. ഈ സ്ഥലത്ത് ആനകളും പാപ്പാന്മാരും കാവടികളും മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.
അപകടകാരിയായ ആനയുടെ സമീപത്ത് നിന്ന് ജനങ്ങളെ കാലതാമസം കൂടാതെ മാറ്റണം. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതിക്ക് വിധേയമായി മാത്രമേ ആന എഴുന്നള്ളിപ്പുകള്‍ നടത്താന്‍ പാടുള്ളൂ. ജില്ലാതല കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആരാധനാലയങ്ങള്‍ക്ക് ആനയെഴുന്നള്ളിപ്പിനുള്ള അനുമതിയുണ്ടായിരിക്കില്ല. ഉത്സവം നടത്താനുദ്ദേശിക്കുന്ന തിയതിക്ക് ഒരു മാസം മുമ്പായി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിക്ക് അപേക്ഷ നല്‍കണം.
ഉത്സവക്കമ്മിറ്റികള്‍ക്ക് നാട്ടാന പരിപാലന ചട്ടം2012 സംബന്ധിച്ച പരിശീലന പരിപാടി സോഷ്യല്‍ ഫോറസ്ട്രി ഓഫീസ് സംഘടിപ്പിക്കും. തുടര്‍ച്ചയായ രണ്ട് തവണ നാട്ടാന പരിപാലന ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നടപടികളില്‍ ആന ഇടഞ്ഞ് പ്രശ്നമുണ്ടായാലും അനുവദിച്ചതില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിച്ചാലും ആ പ്രദേശത്തെ ആനയെഴുന്നള്ളിപ്പിന് വിലക്കേര്‍പ്പെടുത്തും. ഉത്സവ സ്ഥലത്ത് ആനകള്‍ക്കും പാപ്പാന്മാര്ക്കും ആവശ്യമായ കുടിവെള്ളം ഒരുക്കാനും ആനകളുടെ ശരീരം തണുപ്പിക്കുന്നതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കാനും ഉത്സവ കമ്മിറ്റികള്‍ക്ക് മോണിറ്ററിംഗ് കമ്മിറ്റി കര്‍ശന നിര്‍ദേശം നല്കി.