പാട്ടുത്സവം സ്റ്റേജ് പരിപാടിക്കിടെ മൈക്ക് ഓഫാക്കി പോലീസ്
1496833
Monday, January 20, 2025 5:59 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ യുനസ്കോ പാട്ടുത്സവ ടൂറിസം ഫെസ്റ്റിവലില്‍ സ്റ്റേജ് പരിപാടിക്കിടെ മൈക്ക് ഓഫാക്കി പോലീസ്. രാത്രി 11.30 ഓടെ പരിപാടി നിര്‍ത്തി വെച്ചു. നിലമ്പൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന സ്റ്റേജ്ഷോയുടെ സമാപന ദിവസമായ ശനിയാഴ്ച രാത്രിയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ഇശല്‍ സന്ധ്യ ഉള്‍പ്പെടെയുള്ള സ്റ്റേജ് ഷോ കാണാന്‍ വന്‍ ജനാവലിയാണ് എത്തിയിരുന്നത്. രാത്രി 11 മണി വരെയാണ് പോലീസ് സ്റ്റേജ് ഷോ പരിപാടികള്‍ക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ 11.30 ആയിട്ടും പരിപാടി തുടര്‍ന്നതിനെ തുടര്‍ന്ന് പോലീസ് സ്റ്റേജില്‍ എത്തി പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും സംഘാടകര്‍ വിസമ്മതിച്ചതോടെയാണ് മൈക്ക് ഓഫാക്കിയത്.
സ്റ്റേജില്‍ നിന്ന് എതിര്‍പ്പ് ഉണ്ടായതോടെ കൂടുതല്‍ പോലീസ് എത്തി പരിപാടി നിര്‍ത്തിവയ്പ്പിച്ചു. പോലീസ് നടപടിയില്‍ കാണികളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നു.