"മീറ്റ് ദ എക്സ്പേര്‍ട്ട്’ സംഘടിപ്പിച്ചു
1496308
Saturday, January 18, 2025 5:59 AM IST
മമ്പാട്: ചിന്തിക്കുന്ന തലമുറയാവുക എന്നതാകണം പുതിയ കാലത്തെ വിദ്യാര്ഥിത്വമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. എംഇഎസ് മമ്പാട് കോളജ് സംഘടിപ്പിച്ച "മീറ്റ് ദ എക്സ്പേര്‍ട്ട്’ പരിപാടിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കോളജ് ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തുടക്കം കുറിച്ച പരിപാടിയുടെ മൂന്നാമത് എഡിഷനാണ് കാമ്പസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചത്.
സമൂഹത്തിലെ മാതൃകാ വ്യക്തിത്വങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടിയില്‍ കോളജ് പൂര്‍വ വിദ്യാര്‍ഥി കൂടിയായ ഗോപിനാഥ് മുതുകാട് അതിഥിയായി എത്തിയത് വിദ്യാര്‍ഥികളില്‍ ആവേശമായി. എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി. മോയികുട്ടി അധ്യക്ഷത വഹിച്ചു.
കോളജ് മനേജ്മെന്റ് സെക്രട്ടറി പ്രഫ. ഒ.പി. അബ്ദുറഹിമാന്, പ്രിന്‍സിപ്പല്‍ ഡോ. പി. മന്‍സൂറലി, ഐക്യുഎസി കോഓര്‍ഡിനേറ്റര്‍ ഡോ. എം.കെ. സാബിക്, ഡോ. ജയഫറലി എന്നിവര്‍ പ്രസംഗിച്ചു.